പകരുകയാണ് കണ്ണിലെ അണുബാധ

ജില്ലയില്‍ വ്യാപകമായി കാണുന്നത് കണ്ണിലെ വൈറസ് അണുബാധയാണ്. ഒരാളില്‍ നിന്നു പ്രവചനാതീതമായാണ് ഈ രോഗം പടരുന്നത്. ഇതോടെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ദര്‍ നിര്‍ദേശിക്കുന്നുണ്ട്
Published on 23 August 2023 IST

 

അതികഠിന ചൂടില്‍ മാത്രം പടര്‍ന്നു പിടിക്കുന്ന ചില പകര്‍ച്ചവ്യാധികളുണ്ട്. കര്‍ക്കിടകം, ചിങ്ങം മാസമായപ്പോള്‍ തന്നെ വേനല്‍കാലത്ത് കണ്ടുവരുന്ന ചില രോഗങ്ങള്‍ പടര്‍ന്നിരിക്കുകയാണ്. അതില്‍ ജില്ലയില്‍ വ്യാപകമായി കാണുന്നത് കണ്ണിലെ വൈറസ് അണുബാധയാണ്. ഒരാളില്‍ നിന്നു പ്രവചനാതീതമായാണ് ഈ രോഗം പടരുന്നത്. ഇതോടെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ദര്‍ നിര്‍ദേശിക്കുന്നുണ്ട്.
വൈറല്‍ പനിപോലെ, കണ്ണിലെ വൈറസ് അണുബാധ വ്യാപിക്കുകയാണ്.


കണ്ണിലെ വൈറസ് അണുബാധ

വൈറല്‍ പനി ബാധിക്കുന്നവരിലും അല്ലാത്തവരിലും ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി കണ്ണില്‍ അണുബാധ കണ്ടുവരുന്നുണ്ട്. ജില്ലയില്‍ രണ്ടു മാസത്തിനിടെ ആയിരത്തിലധികം പേരിലാണ് കണ്ണില്‍ അണുബാധ വന്നിരിക്കുന്നത്. ഇതില്‍ ചുരുക്കം പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സാധാരണ നാലോ അഞ്ചോ ദിവസത്തിനകം അസുഖം ഭേദമാകും. അല്ലാത്തവര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. കണ്ണിലെ വൈറസ് ബാധയാണ് രോഗകാരണം. ജില്ലയില്‍ ഇതോടെ മുതിര്‍ന്നവരിലും കുട്ടികളിലുമായി നിരവധി പേര്‍ക്ക് അണുബാധയായിട്ടുണ്ട്. സ്‌കൂളിലും അങ്കണവാടികളിലും രോഗം ബേധമായ കുട്ടികളുമായി അടുത്തിടപഴകുന്നത് കൊണ്ടും രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നുണ്ട്. രോഗ ബാധിതര്‍ പൊതു വാഹനത്തില്‍ സഞ്ചരിക്കുന്നതിലൂടെയും രോഗം പടരുന്നുണ്ട്.

ലക്ഷണങ്ങള്‍

ചെങ്കണ്ണ് പോലെയുള്ള അസുഖമായതിനാല്‍ ലക്ഷണങ്ങളും ഏകദേശം അതുപോലെയാണ്. കണ്ണിലെ ചുവപ്പ്, ചൊറിച്ചില്‍, അസ്വസ്ഥത, കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗം പകരുന്നതെങ്ങനെ

കണ്ണുനീരുവഴിയാണ് രോഗം പകരുന്നത്. അതിനാല്‍ ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ ഇയാളുമായി സമ്പര്‍ക്കം കൂടുതലുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഒരു കണ്ണില്‍ മാത്രം അസുഖം വരുന്നവരുന്നവരുണ്ട്. ചിലരില്‍ ഒരുകണ്ണില്‍ അണുബാധയുണ്ടായാല്‍ അടുത്ത കണ്ണിലേക്കും പകരും. ഡോക്ടറുടെ നിര്‍ദേശപ്രകാരം അസുഖമുള്ള കണ്ണില്‍ മാത്രം മരുന്നൊഴിച്ചാല്‍ മതി. കണ്ണില്‍ അണുബാധയുണ്ടാകുന്നവര്‍ കണ്ണട വെച്ചാല്‍ രോഗം പകരില്ലയെന്നത് തെറ്റിദ്ധാരണയാണ്. വായുവില്‍ക്കൂടി രോഗം പകരില്ല. രോഗമുള്ളവര്‍ക്ക് വെളിച്ചത്തിലേക്കും മറ്റും നോക്കാന്‍ പ്രയാസമുണ്ടെങ്കില്‍ കണ്ണടയുടെ ഉപയോഗം ഗുണപ്രദമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ണില്‍ സ്പര്‍ശിക്കുമെന്നതിനാല്‍ കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ഇത് രോഗം പകരാതിരിക്കാന്‍ സഹായിക്കും. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, അസുഖബാധിതന്‍ ഉപയോഗിക്കുന്ന സോപ്പും തോര്‍ത്തും മറ്റാരും ഉപയോഗിക്കാതിരിക്കുക, കണ്ണില്‍ നിന്ന് വെള്ളം വരുമെന്നതിനാല്‍ കണ്ണ് തുടയ്ക്കുന്നതിന് വൃത്തിയുള്ള തുണി ഉപയോഗിക്കുക, ഇത് കഴുകി വൃത്തിയായി സൂക്ഷിക്കുക.

കാഴ്ചയെ ബാധിക്കുമോ

കണ്ണിന്റെ കൃഷ്ണമണിയിലേക്ക് അണുബാധ പടര്‍ന്നാല്‍ കാഴ്ചയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അസുഖബാധിതര്‍ ഡോക്ടറുടെ സഹായം തേടി മരുന്നുപയോഗിക്കാന്‍ ശ്രദ്ധിക്കുക.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait