മഴക്കുറവില്‍ വലഞ്ഞ് കേരളം

കാലാവസ്ഥാ വ്യതിയാനം എന്നത് കേരളത്തെ ഉടനയൊന്നും ബാധിക്കാന്‍ ഇടയില്ലാത്ത ഒരു പ്രതിഭാസമാണെന്ന മലയാളികളുടെ ധാരണകളെ തിരുത്തിയെഴുതിയ വര്‍ഷമാണ് കടന്നുപോകുന്നത്. 2018ലെ മഴക്കെടുതികളുടെ മുറിവുണങ്ങും മുന്‍പ് 2019ലും പ്രളയ സമാന സാഹചര്യം കേരളത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴയുടെ സ്വഭാവം മാറുകയും പ്രവചനാതീതമായിരിക്കുകയാണ്. അതിതീവ്ര മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വേനല്‍ക്കാല വരള്‍ച്ചയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. 2023നെ അപേക്ഷിച്ച് 2024ല്‍ താപനില വീണ്ടും ഉയരാനാണ് സാധ്യതയെന്നും പറയപ്പെടുന്നു.
Published on 23 August 2023 IST

 


തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ ആറാഴ്ച മാത്രം ബാക്കിനില്‍ക്കുമ്പോള്‍ മഴക്കുറവില്‍ വലഞ്ഞ് കേരളം. കഴിഞ്ഞ ദിവസം 45 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെ 1626.7 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ പെയ്തത് 892.7 മില്ലി മീറ്റര്‍ മാത്രം. കാലവര്‍ഷം ശക്തമാകാത്തതിനെത്തുടര്‍ന്ന് കാര്‍ഷികമേഖലയടക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്.
മഴ കുറഞ്ഞതോടെ പകല്‍ താപനിലയും കൂടി നില്‍ക്കുന്നു. സെപ്റ്റംബറോടെ മാത്രമേ കാലവര്‍ഷം ഇനി ശക്തിപ്രാപിക്കൂ എന്നാണ് സ്വകാര്യ കാലാവസ്ഥാ പ്രവചന വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കാലവര്‍ഷം രണ്ടരമാസം പിന്നിടുമ്പോള്‍ എല്ലാ ജില്ലകളും മഴക്കുറവില്‍ വലയുകയാണ്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും രൂക്ഷം. യഥാക്രമം 62, 56 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റില്‍
സംസ്ഥാനത്ത് ഇതുവരെ 89ശതമാനം മഴ കുറവാണ്. അതുപോലെ കൂടുതല്‍ മഴ ലഭിച്ച കണ്ണൂര്‍ ജില്ലയില്‍  73ശതമാനം മഴ കുറവും ഏറ്റവും കുറവ് മഴ ലഭിച്ച കൊല്ലം ജില്ലയില്‍ 97ശതമാനം കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴക്കുറവ് തുടരും

ആറു ജില്ലകളില്‍ പകുതിയില്‍ കൂടുതല്‍ മഴക്കുറവ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. നിലവിലെ അവസ്ഥ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക് പ്രകാരം കാലാവസ്ഥ നിരീക്ഷകരുടെ കണക്കു കൂട്ടലുകള്‍. കോഴിക്കോട് 54 ശതമാനവും പാലക്കാട്, കോട്ടയം ജില്ലകളില്‍ 52 ശതമാനവുമാണ് മഴക്കുറവ്. തൃശൂരില്‍ 50 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറം, തിരുവനന്തപുരം, എറണാക്കുളം എന്നിവിടങ്ങളില്‍ 40 നും 50നും ഇടയില്‍ ആണ് മഴകുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംത്തിട്ട, കണ്ണൂര്‍, കാസര്‍കോട്, മാഹി എന്നിവിടങ്ങളില്‍ 29നും 40നുമിടയില്‍ മഴകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മലയോര മേഖലയിലും ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളിലും മഴ സാധ്യതയുണ്ട്. അതുപോലെ പകല്‍ / രാത്രി താപനില കൂടാനും സാധ്യത.


മഴയുടെ ക്രമം തെറ്റി

ജൂണ്‍-ജൂലൈ മാസങ്ങളില്‍ പെയ്യേണ്ട കാലവര്‍ഷം ആഗസ്റ്റിലേക്കും സെപ്തംബറിലേക്കും നീണ്ടു. മഴയുടെ ക്രമം തെറ്റിയതോടെ കൃഷി പല സ്ഥലങ്ങളിലും അസാധ്യമായിത്തീര്‍ന്നു. വെള്ളക്കെട്ട് പതിവായ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ വീടുപേക്ഷിച്ച് പോകാന്‍ തുടങ്ങി. കേരളവും കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളിലൂടെ കടന്നുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം മലയാളികള്‍ പതിയെ മനസിലാക്കി തുടങ്ങി.
2023ല്‍ മണ്‍സൂണ്‍ മഴയുടെ രീതി വീണ്ടും മാറിയിരിക്കുകയാണ്. മഴ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചതാകട്ടെ 877.1 മഴ മാത്രം. 44 ശതമാനത്തോളം മഴ കുറവാണ്. ആഗസ്റ്റിലെ പകുതിയോളം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ മാസം ലഭിക്കേണ്ട മഴയുടെ പത്ത് ശതമാനം മാത്രമാണ് പെയ്തത്. വരും ദിവസങ്ങളില്‍ ബാക്കി 90 ശതമാനം ലഭിക്കില്ലെന്നും ഉറപ്പായതോടെ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വരള്‍ച്ചയായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 2023 ജൂലൈ ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് അന്റോണിയോ ഗുട്ടെറസ് മാധ്യമങ്ങളോട് പറഞ്ഞത് ഞെട്ടിക്കുന്ന വാക്കുകളാണ്. ഭൂമധ്യരേഖാ പ്രദേശത്തിന് പുറത്തേക്കും സമുദ്രോപരിതലത്തിലെ താപനില വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.


പ്രളയത്തിനല്ല കൂടുതല്‍ മഴ ലഭിച്ചത്

പ്രളയകാലത്തിന് മുന്‍പെ കൃത്യമായ ഇടവേളകളിലാണ് മഴ കിട്ടിയിട്ടുള്ളത്. പ്രളയം വന്നത് 2018 ലും 2019 ലുമാണ്. 2018ല്‍ അല്ല നമുക്ക് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 2018നേക്കാള്‍ മുന്‍പെ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. 2018 ആഗസ്റ്റില്‍ അതി തീവ്ര മഴ ലഭിച്ചത്. 2019 ആഗസ്തിലും അങ്ങനെ അതിതീവ്ര മഴ ലഭിച്ചു. 2021 ഒക്ടോബറില്‍ ഇതേ രീതിയില്‍ വന്നത്.

ചുഴലികാറ്റുകള്‍ തീവ്രമാകുമ്പോള്‍

അറബിക്കടല്‍ ചൂടാകുന്നതിന്റെ ഭാഗമായി ചുഴലി കാറ്റുകളുണ്ടാകുന്നു. സാധാരണ ബംഗാള്‍ ഉള്‍ക്കടലില്‍ നാല് ചുഴലി കാറ്റുണ്ടാകുമ്പോള്‍ ഇവിടെ ഒരെണ്ണം, 4:1 അങ്ങനെ ഒരു അനുപാതത്തിലായിരുന്നു. ഇപ്പോള്‍ അറബിക്കടലിലും കൂടുതലായി ചുഴലിക്കാറ്റുണ്ടാകാന്‍ തുടങ്ങി. ഉണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ സാധാരണയിലും തീവ്രമാകുന്നു. കഴിഞ്ഞ ജൂണില്‍ വന്ന ബിപോര്‍ജോയ് അതിന് ഉദാഹരണമാണ്. സാധാരണ ഒരു ചുഴലികാറ്റുണ്ടായാല്‍ മൂന്നോ നാലോ ദിവസമാണ് അത് നിലനില്‍ക്കാറുള്ളത്. ജൂണ്‍ നാലിന് ചക്രവാതച്ചുഴി ആയി അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയി ജൂണ്‍ ആറിന് ചുഴലിക്കാറ്റായി മാറി. പിന്നീട് അത്, ഏകദേശം ജൂണ്‍ 21-22 വരെ ഗുജറാത്ത് ക്രോസ് ചെയ്തിട്ടും നല്ല ശക്തമായി നിന്നു. അതിന്റെ ഭാഗമായി കേരളത്തിലേക്ക് വരേണ്ട കാലവര്‍ഷക്കാറ്റിനെ അത് വലിച്ചെടുത്തു. അങ്ങനെ നമുക്ക് ജൂണില്‍ കിട്ടേണ്ട മഴ തന്നെ ഇല്ലാതായി. ചൂടുമായി ബന്ധപ്പെട്ട് കര പോലെ തന്നെ മാറ്റങ്ങള്‍ കടലിലും സംഭവിക്കുന്നുണ്ട്. അത് അവിടെയുള്ള റെഗുലാരിറ്റിയെ ബ്രേക്ക് ചെയ്യുന്നുണ്ട്. മത്സ്യസമ്പത്തിനെയും ഇതു  ബാധിക്കുന്നുണ്ട്.

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait