നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറിയെ ഒഴിവാക്കും

അഡ്വ. രഞ്ജിത് മാരാരും തന്നെ അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട്, ഇലക്ട്രോണിക് രേഖകളുടെ പരിശോധനയുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കോടതിയെ സഹായിക്കുന്നതിനാണ് അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചത്
Published on 23 August 2023 IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് മാരാരെ ഹൈക്കോടതി ഒഴിവാക്കും. രഞ്ജിത് മാരാര്‍ക്ക് കേസിലെ പ്രതിയായ നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക രേഖകളും പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി. അഡ്വ. രഞ്ജിത് മാരാരും തന്നെ അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട്, ഇലക്ട്രോണിക് രേഖകളുടെ പരിശോധനയുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കോടതിയെ സഹായിക്കുന്നതിനാണ് അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചത്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികളുടെ അഭിപ്രായം തേടിയ ശേഷമായിരുന്നു നിയമനം. മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നെന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഈ നിയമനത്തിനു പിന്നാലെ, കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണത്തിനിടയില്‍ ലഭിച്ച തെളിവുകള്‍ പ്രോസിക്യൂഷനു കൈമാറുകയായിരുന്നു. ഈ കേസിലെ എട്ടാം പ്രതിയായ ദിലീപുമായി രഞ്ജിത് മാരാര്‍ പലവട്ടം പലതരത്തില്‍ സംഭാഷണങ്ങള്‍ നടത്തിയതിന്റെ വാട്‌സാപ്പ് ചാറ്റുകളും ദിലീപിന്റെ അക്കൗണ്ടില്‍നിന്ന് രഞ്ജിത് മാരാര്‍ക്ക് പണം അയച്ചതിന്റെ ചില രേഖകളും ഇക്കൂട്ടത്തിലുണ്ട്. അതിന്റെ സാഹചര്യം വ്യക്തമല്ല.
പ്രതിപ്പട്ടികയിലുള്ള ആളുമായി ബന്ധമുള്ള അഭിഭാഷകന്‍, ഈ കേസില്‍ കോടതിയെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിയായി വരുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇത്തരമൊരു വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് മാരാരും ഹൈക്കോടതിയില്‍ കത്തു നല്‍കിയിരുന്നു. ഈ രണ്ട് ആവശ്യങ്ങളും പരിഗണിച്ചാണ് അമിക്കസ് ക്യൂറിയെ ഒഴിവാക്കാന് കോടതി തീരുമാനിച്ചത്. ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിക്കുമ്പോള്‍ അമിക്കസ് ക്യൂറിയെ മാറ്റുന്ന കാര്യത്തിലും പുതിയ ആളെ നിയമിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait