അക്കരെ കൊട്ടിയൂർ വൈശഗോത്സവം ഇന്ന് അവസാനിക്കും

ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌.
Published on 28 June 2023 IST

ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌.

വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന ബാവലി പുഴയുടെ വടക്കേത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു.

പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌.

കൊട്ടിയൂർ ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമാണ് കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂക്കൾ. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓർമിപ്പിക്കുന്നത്.


കൊട്ടിയൂർ പണ്ട് കാലത്ത് കട്ടൻ മലയോടൻ എന്ന രാജവംശത്തിന്റെ അധീനതയിലായിരുന്നു എന്ന് കാമ്പിൽ അനന്ദൻ മാസ്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. ( കട്ടൻ രാജവംശം എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കണ്ണൂർ ജില്ലയിൽ പുരളിമല എന്ന സ്ഥലത്ത് ഭരണം നടത്തിയിരുന്ന ഒരു പഴയ രാജകുടുംബമായിരുന്നു കട്ടൻ രാജവംശം. പഴയ തോറ്റങ്ങളിലും ഇവരെ പറ്റി പരാമർശം കാണുന്നുണ്ട്. പുരളിമല താഴ്‌വരയിലാണ് കട്ടൻ രാജവംശത്തിന്റെ ആസ്ഥാനം.[2][1] മലയോടൻ രാജവംശം എന്നും ഇത് അറിയപ്പെടുന്നു. ) 

ഐതിഹ്യം 
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ ദുഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷൻറ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി.


പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.

ഉത്സവം :
മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (അതായതു  മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു.

മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. 
കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനായ ഒറ്റപ്പിലാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. 

താത്ക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് അളവ് തിരിച്ചു നൽകാനുള്ള അവകാശം ആശാരിക്കാണ്. 

വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. 

അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം ചാലിയ സമുദായക്കാരമാണ്. 

ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീർത്ഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നതാണിത്. 

മണത്തണയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു. 

എടവത്തിലെ ചോതിനാളിൽ വയനാട് ജില്ലയിലെ തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുന്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്.

 ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളിൽ നടക്കുക
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait