സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം നികത്താന്‍ കണ്ടല്‍ വെട്ടല്‍ വ്യാപകം

യാത്രക്കാര്‍ക്ക് ഏറെ സൗകര്യമുണ്ടാക്കുന്ന പുതിയ പാലത്തിന് താവം ഭാഗത്ത് വളരെ ചെറിയ തോതില്‍ കണ്ടല്‍ക്കാടുകള്‍ നഷ്ടപ്പെടുന്നത് പാലം വഴിയുണ്ടാകുന്ന നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അവഗണിക്കാവുന്നതാണ്. എന്നാല്‍ അതിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം നികത്താനുള്ള സൗകര്യമാണ് കരാര്‍ കമ്പനി നടത്തുന്നത്
Published on 17 August 2023 IST

പഴയങ്ങാടി: പഴയങ്ങാടി റോഡ് പാലത്തിനരികെ പുതിയ പാലം നിര്‍മ്മിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന സ്വകാര്യ കണ്ടല്‍ഭൂമി മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലം ജില്ലാ പരിസ്ഥിതി ഏകോപന സമിതി പഠന സംഘം സന്ദര്‍ശിച്ചു. ജെ.സി.ബി ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനം തുടരുന്നതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് സംഘം ചെറുക്കുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നേരില്‍ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ് മെമ്മോ നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. തീരദേശ പരിപാലന നിയമത്തിന് സോണ്‍ ഒന്നില്‍പ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ണമായും തടയപ്പെട്ട സ്ഥലത്താണ് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് സ്വകാര്യ വ്യക്തി തണ്ണീര്‍ത്തടം നികത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. പാലം നിര്‍മ്മാണത്തിനാവശ്യമായ കോണ്‍ക്രീറ്റ് മിക്‌സിങ് കേന്ദ്രം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഈ അനധികൃത നിര്‍മ്മാണം. പുഴയോടു ചേര്‍ന്ന കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ നശിപ്പിക്കാന്‍ ഈ കേന്ദ്രം ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
കോണ്‍ക്രീറ്റ് മിക്‌സ് മൊരെ ബല്‍ യൂണിറ്റുകള്‍ വഴി തയ്യാറാക്കി പമ്പ് ചെയ്യാന്‍ സൗകര്യമുണ്ടെന്നിരിക്കെ പാലം പണിയുടെ മറവില്‍ വന്‍തോതില്‍ സ്ഥലം നികത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. യാത്രക്കാര്‍ക്ക് ഏറെ സൗകര്യമുണ്ടാക്കുന്ന പുതിയ പാലത്തിന് താവം ഭാഗത്ത് വളരെ ചെറിയ തോതില്‍ കണ്ടല്‍ക്കാടുകള്‍ നഷ്ടപ്പെടുന്നത് പാലം വഴിയുണ്ടാകുന്ന നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അവഗണിക്കാവുന്നതാണ്. എന്നാല്‍ അതിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം നികത്താനുള്ള സൗകര്യമാണ് കരാര്‍ കമ്പനി നടത്തുന്നത്. ഇതില്‍ നിന്ന് പിന്‍മാറി കോണ്‍ക്രീറ്റ് മിക് സിങ്ങിന്ന് ബദല്‍ മാര്‍ഗം ഉപയോഗിച്ച് പാലം പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പഠനസംഘം നിര്‍ദ്ദേശിച്ചു.
സ്വകാര്യ വ്യക്തി നടത്തുന്ന കണ്ടല്‍ നശീകരണവും തണ്ണീര്‍ത്തടം നികത്തലും അനധികൃത നിര്‍മ്മാണവും നീണ്ടു നില്‍ക്കുന്ന നിയമ നടപടികളിലേക്കു പോയി പാലം നിര്‍മ്മാണത്തിനു തടസമുണ്ടാകുന്ന സാഹചര്യം അധികൃതര്‍ സൃഷ്ടിക്കുന്നത് ജനങ്ങളുടെ സുരക്ഷിത യാത്രാവകാശത്തിന്റെ ലംഘനമാകുമെന്നും സമിതി വിലയിരുത്തി. ടി.പി പത്മനാഭന്‍, എന്‍ സുബ്രഹ്‌മണ്യന്‍, ഡോ. കെ.ഇ കരുണാകരന്‍, കെ.പി ചന്ദ്രാംഗദന്‍, എം.കെ ലക്ഷ്മണന്‍,കെ.എം വിജയകുമാര്‍, സതീശന്‍ കുഞ്ഞിമംഗലം, വി.വി സുരേഷ്, രാജന്‍, പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait