ചന്ദ്രനോട് അടുത്ത് ചന്ദ്രയാന്‍ 3

ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാന്‍ 3, 22ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം അഞ്ച് ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്ത്തിയത്
Published on 16 August 2023 IST

ചെന്നൈ: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായി. ഇതോടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം കടന്നു. ഇനി ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതാണ് ശേഷിക്കുന്നത്. ഇത് വ്യാഴാഴ്ച നടക്കും. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് ഇന്നു നടന്നത്. ഇതു പൂര്‍ത്തിയായതോടെ ലാന്‍ഡറുംപ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതിനായുള്ള നടപടികള്‍ക്ക് ഐഎസ്ആര്‍ഒ തുടക്കമിട്ടു. നിലവില്‍ ചന്ദ്രനില്‍ നിന്ന് 163 കിലോമീറ്റര്‍ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നു വേര്‍പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നു തുടങ്ങും. 23നു വൈകുന്നേരം 5.47നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാന്‍ 3, 22ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം അഞ്ച് ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്ത്തിയത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്റ് കമാന്റ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait