വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന തൃക്കണ്ണാട് സ്വദേശി മരിച്ചു

ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രം മേല്‍ശാന്തിയായിരുന്ന ശ്രീധരയുടെ സഹോദരന്‍ വെങ്കിടേഷും വാഹനാപകടത്തിലാണ് മരിച്ചത്. 2022-ലായിരുന്നു അപകടം
Published on 16 August 2023 IST

പയ്യന്നൂര്‍: ദേശീയ പാതയില്‍ വെള്ളൂര്‍ കണിയേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കാസര്‍കോട്ടെ കെ.ശ്രീകാന്തിന്റെ സഹോദരനും ക്ഷേത്ര പൂജാരിയുമായ കാസര്‍കോട് ബേക്കല്‍ തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ(51)യാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടയില്‍ ഇന്നലെ രാത്രി മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒന്‍പതിന് വെള്ളൂര്‍ കണിയേരി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. കരിവെള്ളൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് തളിപ്പറമ്പില്‍ നിന്നും പൂജകഴിഞ്ഞ് തൃക്കണ്ണാട്ടെ വീട്ടിലേക്ക് പോകുകയായിരുന്ന ശ്രീധരന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്.  നിയന്ത്രണം വിട്ട കാര്‍ ബൈക്കിന് പിന്നാലെ പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചു പോകുകയായിരുന്ന കാഞ്ഞങ്ങാട്ടെ കുടംബം സഞ്ചരിച്ചിരുന്ന കാറിലിടിച്ച് യാത്രക്കാരായ  സ്ത്രീകളുള്‍പ്പെടെയുള്ള നാലുപേര്‍ക്കും പരിക്കേറ്റിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം.
ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രം മേല്‍ശാന്തിയായിരുന്ന ശ്രീധരയുടെ സഹോദരന്‍ വെങ്കിടേഷും വാഹനാപകടത്തിലാണ് മരിച്ചത്. 2022-ലായിരുന്നു അപകടം. പുലര്‍ച്ചെ പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് പോകും വഴിയുണ്ടായ വാഹനാപകടമാണ് വെങ്കിടേഷിന്റെ ജീവന്‍ അപഹരിച്ചത്. പരേതനായ വാസുദേവ അരളിത്തായ-യശോദ ദമ്പതികളുടെ മകനാണ് ശ്രീധര. ഭാര്യ: ജി.എന്‍ രേഖ(യേനപോയ കോളജ് അധ്യാപിക). മകന്‍: സ്വാഗത്. മറ്റുസഹോദരങ്ങള്‍: ജയലക്ഷ്മി, ഗണേഷ്. പയ്യന്നൂര്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait