ഏജന്റുമാര്‍ മുഖേന രോഗികളില്‍ നിന്നു പണം വാങ്ങി ഡോക്ടര്‍മാര്‍ അന്വേഷണം ആവശ്യപ്പെട്ടു ആരോഗ്യമന്ത്രിക്ക് കത്ത്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കെതിരെ തീവെട്ടിക്കൊള്ളയുമായി രംഗത്തിറങ്ങിയ ഡോക്ടര്‍മാരെ പൂട്ടാന്‍ ജില്ലാപഞ്ചായത്ത്.
Published on 14 August 2023 IST

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കെതിരെ തീവെട്ടിക്കൊള്ളയുമായി രംഗത്തിറങ്ങിയ ഡോക്ടര്‍മാരെ പൂട്ടാന്‍ ജില്ലാപഞ്ചായത്ത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി രണ്ടു ഡോക്ടര്‍മാര്‍ ഏജന്റുമാര്‍ മുഖേന പണം വാങ്ങുന്നുവെന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.

ആരോഗ്യ ഇന്‍ഷൂറന്‍സുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി ഒറ്റപൈസയും അടയ്‌ക്കേണ്ടതില്ല. ഏജന്റുമാര്‍ക്ക് രോഗികളും കൂട്ടിരിപ്പുകാരും പണം നല്‍കരുതെന്നും ഇത്തരം അനുഭവമുണ്ടായാല്‍ പരാതിപ്പെടണമെന്നും ആരും ഒളിച്ചുവയ്ക്കരുതെന്നും പി.പി ദിവ്യ പറഞ്ഞു.

ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു ആശുപത്രിയില്‍ അഡ്മിറ്റായ കണ്ണാടിപറമ്പിലെ ലോട്ടറി വില്‍പനക്കാരന്റെ മുട്ടുമാറ്റ ശസ്ത്രക്രിയക്കു വേണ്ടി അത്യാധൂനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മുപ്പതിനായിരം രൂപയും മറ്റൊരു അഡ്മിറ്റായ രോഗിയില്‍ നിന്നും ശസ്ത്രക്രിയക്കായി എട്ടായിരം രൂപയും ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ ഏജന്റുമാര്‍ മുഖേന പണം വാങ്ങിയിരുന്നു. എന്നാല്‍ ലോട്ടറി വില്‍പനക്കാരനില്‍ നിന്നും പണംവാങ്ങിയത് വിവാദമായതിന് തുടര്‍ന്ന് പണം തിരികെ നല്‍കി തടിയൂരുകയായിരുന്നു. പ്രാദേശിക ചാനല്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വ്യാപകമായി അഡ്മിറ്റായ സാധാരണക്കാരായ രോഗികളില്‍ നിന്നും ഡോക്ടര്‍മാര്‍ വളഞ്ഞ വഴിയിലൂടെ ഏജന്റുമാരെ വച്ചു കൈക്കൂലി വാങ്ങുന്ന വിവരം പുറത്തുവന്നത്. നേരത്തെ തലശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാശുപത്രി എന്നിവടങ്ങളിലെ ഗൈനക്കോളജി ഡോക്ടര്‍മാര്‍ സിസേറിയന്‍ വേണ്ടിവരുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്നും നേരിട്ടു വ്യാപകമായ കൈക്കൂലി വാങ്ങിയത് വിവാദമായിരുന്നു. വിജിലന്‍സും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രവൃത്തി കുറഞ്ഞത്. ഇപ്പോള്‍ ഏജന്റുമാര്‍ മുഖേനെ ഗൂഗിള്‍ പേ അക്കൗണ്ടു വഴിയാണ് വാങ്ങുന്നതെന്നാണ് രോഗികള്‍ നല്‍കുന്ന സൂചന. എന്നാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സുള്ള രോഗികളായ ആരോടും അനധികൃതമായി പണം വാങ്ങാന്‍ ഡോക്ടര്‍മാര്‍ക്ക് അവകാശമില്ലെന്നും അതീവ ഗുരുതരമായ കുറ്റമാണ് ഇതെന്നുമാണെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഇക്കാര്യത്തെ കുറിച്ചു പ്രതികരിച്ചത്. ഇതുസംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ വകുപ്പു തല അന്വേഷണം നടത്തുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait