വീഡിയോ കോള്‍ചെയ്ത് നഗ്‌ന വീഡിയോ ഉണ്ടാക്കി ഭീഷണി;

യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കേസ്
Published on 11 August 2023 IST

പരിചയമില്ലാത്ത നമ്പറില്‍ നിന്നും വീഡിയോ കോള്‍ ചെയ്ത യുവതി പിന്നീട് യുവാവിന്റെ

മോര്‍ഫ് ചെയ്ത നഗ്‌ന വീഡിയോ ഫോണില്‍ അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ ബേഡകം പോലിസ് കേസെടുത്തു. യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെയാണ് പരാതി.

മോര്‍ഫ് ചെയ്ത നഗ്‌ന വീഡിയോ ഫോണില്‍ അയച്ച് പണം ആവശ്യപ്പെടുകയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു എന്ന കുറ്റിക്കോല്‍ വളവ് സ്വദേശിയായ 47 കാരന്റെ പരാതിയിലാണ് വീഡിയോ കോള്‍ ചെയ്ത യുവതി സാക്ഷി രജപുത്ത്, സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിച്ച ബേഡകം കുറ്റിക്കോല്‍ സ്വദേശി പി. രാകേഷ് (38) എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 22നു രാത്രി ഏഴോടെയാണ് സംഭവം. പരാതിക്കാരനെ ഫോണില്‍ വീഡിയോ കോള്‍ ചെയ്യുകയും പിന്നീട് എഡിറ്റ് ചെയ്ത വീഡിയോ മോര്‍ഫ് ചെയ്ത് നഗ്‌ന വീഡിയോയായി ചിത്രീകരിച്ച് അയച്ചുകൊടുത്ത് പണം ആവശ്യപ്പെടുകയുമായിരുന്നു. ആവശ്യപ്പെട്ട

പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഒന്നാം പ്രതിയായ യുവതി ഫേസ്ബുക്ക് സുഹൃത്തായ രാകേഷിനു മോര്‍ഫ് ചെയ്ത നഗ്‌നവീഡിയോ അയച്ചു കൊടുക്കുകയും വീഡിയോ കിട്ടിയ അയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഐ.ടി ആക്ട് പ്രകാരം കേസെടുത്ത ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait