കാർഷിക അവാർഡ് 2023

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികളും കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ 'ഹരിതമോഹനം' പദ്ധതി നടപ്പിലാക്കി.
Published on 11 August 2023 IST

 

കേരളത്തിലെ
മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള
 അവാർഡ് കല്യാശ്ശേരിക്ക് ലഭിച്ചു.
ഏറ്റവും മികച്ച ജൈവ പദ്ധതി നടപ്പിലാക്കുന്ന നിയോജക മണ്ഡലത്തിനാണ് അവാർഡ്. പ്രശസ്തിപത്രവും, ഫലകവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്ന അവാർഡ് തിരുവനന്തപുരത്ത്
കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ്  പ്രഖ്യാപിച്ചത്.
കാർഷിക മേഖലയിൽ നൂതനമായ പദ്ധതികളാണ് കല്യാശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്. 
ഇതിൻ്റെ മികച്ച ഉദാഹരണമാണ്  ഔഷധ ഗ്രാമം പദ്ധതി.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിൽ
7.5 ഏക്കർ വീതവും ഉൾപ്പെടെ ആദ്യഘട്ടത്തിൽ 25 ഏക്കറിൽ ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കുറുന്തോട്ടി കൃഷി ആരംഭിച്ചു. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ ഉൾപ്പടെ 100 ഏക്കറിൽ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി, കർഷകരുടെ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനും വിപണനത്തിനുമായി സൊസൈറ്റിക്ക് രൂപം നൽകും.

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികളും കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ 'ഹരിതമോഹനം' പദ്ധതി നടപ്പിലാക്കി.

ശാസ്ത്രീയ കൃഷി സംസ്ക്കാരവും , സ്വയം പര്യാപ്തതയും കൈവരിക്കാനുള്ള പാഠങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കല്ല്യാശ്ശേരി മണ്ഡലം അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും സംസ്ഥാന സർക്കാരിൻ്റെ  ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിനോട് ചേർന്ന്  പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഏഴോം, പട്ടുവം, കണ്ണപുരം പഞ്ചായത്തുകളിൽ കൈപ്പാട് കൃഷിയും മികച്ച നിലയിൽ നടന്നുവരുന്നു. 98 ഹെക്ടർ സ്ഥലത്താണ് കൈപ്പാട് കൃഷി ചെയ്തുവരുന്നത്. ഭൗമ സൂചിക കരസ്ഥമാക്കിയ കൈപ്പാട് അരി ഉദ്പാദിപ്പിക്കുന്നത് കർഷകരുടെ കൂട്ടായ്മയായ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ ആസ്ഥാനം കല്യാശ്ശേരി മണ്ഡലത്തിലാണ്.  പട്ടുവത്ത്  പയർ, ഉഴുന്ന് കൃഷി മികച്ച നിലയിൽ കർഷക കൂടായ്മകൾ മുഖേന നടത്തി വരുന്നു. ചെറുതാഴം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയും നടപ്പിലാക്കി. 100 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്.  മുഴുവൻ പഞ്ചായത്തുകളിലും കൃഷി വകുപ്പ്, സ്വയം സഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ജൈവപച്ചക്കറികൃഷി, വായ തുടങ്ങി നിരവധിയായ പദ്ധതികൾ നടത്തിവരുന്നുണ്ട്.  

 കാർഷിക മേഖലക്കും, കർഷകർക്കും പുത്തൻ ഉണർവേകുന്നതാണ് ഈ അവാർഡ്. കല്യാശേരി മണ്ഡലത്തിൽ കാർഷിക രംഗത്ത്  കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇത്  പ്രചോദനമാകുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.

ആഗസ്റ്റ് 17 ന് ( ചിങ്ങം 1)  തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങുമെന്ന് എം എൽ എ അറിയിച്ചു


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait