വന്യമൃഗങ്ങളെക്കാള്‍ മനസാക്ഷിയില്ലാത്തവര്‍ ആറളത്ത് ചെണ്ടുമല്ലി കൃഷി നശിപ്പിക്കുന്നു

40ഏക്കര്‍ സ്ഥലത്ത് പുഷ്പ-ഫല കൃഷിയിറക്കുന്നതിനായി വൃത്തിയാക്കിയിരുന്നു. ഇതില്‍ നിലവില്‍ 10ഏക്കറില്‍ ആണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. ജമന്തി, ചെറുധാന്യങ്ങള്‍, പച്ചമുളക് എന്നിവ ഇടകൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ല
Published on 08 August 2023 IST


ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യത്തിനെക്കാള്‍ വലിയ ദ്രോഹം ചെയ്തു സാമൂഹ്യ വിരുദ്ധരുടെയും കടന്നു കയറ്റം. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ ചെണ്ടുമല്ലികൃഷിയില്‍ മൂന്നേക്കറോളം വരുന്ന കൃഷിയില്‍ പൂവും മൊട്ടും തണ്ടുമടക്കം നശിപ്പിച്ചു. പത്ത് ഏക്കര്‍ കൃഷിയില്‍ മൊട്ടുകളും വിരിഞ്ഞുവരുന്ന പൂക്കളുമാണ് വ്യാപകമായി നശിപ്പിച്ചത്. രണ്ടു ലക്ഷത്തിന്റെ പൂവാണ് നശിപ്പിക്കപ്പെട്ടത്. ഓണം വരവോടെ കൂടുതല്‍ ലാഭമുണ്ടാകുന്ന സാഹചര്യമായിരുന്നു. ഇപ്പോള്‍ ഒന്നര ഏക്കറോളം ചെണ്ടുമല്ലികളാണ് ബാക്കിയുള്ളത്. അര്‍ധരാത്രിയോടെ കടന്നു കയറുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് കര്‍ഷകര്‍ പറയുന്നു. ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ നശീകരണ പ്രവര്‍ത്തി തുടര്‍ച്ചയായി ദിവസവും രാത്രി തുടരുന്നതായി ആറളം കൃഷി അസി. സുമേഷ് പറഞ്ഞു. കൃഷിഭവന്റെ സഹകരണത്തോടെ ഓണം വിപണി ലക്ഷ്യമിട്ട് ആദിവാസികളുടെ സ്വാശ്രയ സംഘമാണ് ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍ 25 ഏക്കറില്‍ പുഷ്പ-ഫല കൃഷിയിറക്കിയത്. ചെണ്ടുമല്ലികള്‍ നല്ല വളര്‍ച്ച നേടുകയും പൂത്ത് തുടങ്ങുകയും ചെയ്തതോടെയാണ് നശീകരണം. കൃഷിയിടത്തില്‍ വലിയ പൂക്കളുള്ള ചെടികള്‍ നശിപ്പിക്കാതെ ബോധപൂര്‍വം ചെടിയുടെ തണ്ടും പൂവും മൊട്ടുമടക്കം പറിച്ചു നശിപ്പിച്ചിരിക്കുകയാണ്. കീടങ്ങളുടെ പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്നു രക്ഷനേടുന്നതിനിടയിലായിലാണ് ഇത്തരത്തിലുള്ള നശീകരണവുമെന്ന് സുമേഷ് പറഞ്ഞു. 40ഏക്കര്‍ സ്ഥലത്ത് പുഷ്പ-ഫല കൃഷിയിറക്കുന്നതിനായി വൃത്തിയാക്കിയിരുന്നു. ഇതില്‍ നിലവില്‍ 10ഏക്കറില്‍ ആണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. ജമന്തി, ചെറുധാന്യങ്ങള്‍, പച്ചമുളക് എന്നിവ ഇടകൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ല. ആദ്യ ദിവസം തന്നെ ആറളം ഫാം ഫ്‌ലോറി കോ ഓപ്പ. സൊസൈറ്റിയുടെ പേരില്‍ ആറളം പോലിസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നശീകരണം തുടരുകയാണ്. ആനശല്യം രൂക്ഷമായ ഫാമില്‍ രാത്രികാലങ്ങളില്‍ പെട്രോളിങ് നടത്തുന്നതും കാവല്‍ നില്‍ക്കുന്നതും സാഹസികമായ പ്രവര്‍ത്തിയാണ് എന്ന് പോലിസും പറയുന്നു. ആറളം ഫാമിനെയും ആദിവാസികളെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ ഇത്തരം വിപരീത പ്രവര്‍ത്തനങ്ങള്‍ മൂലം മനസ് മടുത്തുപോവുകയാണെന്നും ഇതിനിറങ്ങി പുറപ്പെട്ടവര്‍ പറയുന്നു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait