പട്ടുവം സര്‍വ്വീസ് സഹകരണ ബേങ്ക് പാടശേഖരത്തില്‍ വിത്തിറക്കി 

Published on 22 May 2020 6:15 am IST

തളിപ്പറമ്പ്: കുത്തരിക്കു വേണ്ടി നെല്‍കൃഷി നടത്താന്‍ പട്ടുവം സര്‍വ്വീസ് സഹകരണ ബേങ്ക് പാടശേഖരത്തില്‍ വിത്തിറക്കി. പട്ടുവം വയല്‍, മുതുകുട വയല്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷവും നെല്‍കൃഷിയിറക്കുന്നത്. 75 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുക. പട്ടുവം കിഴക്ക് പാടശേഖരത്തിലും, കാവുങ്കല്‍ പാടശേഖരത്തിലും, മുതുകുട പടിഞ്ഞാറ് പാടശേഖരത്തിലുമാണ് കൃഷിക്കു വേണ്ടി വിത്തിറക്കിയത്. 

കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തുണ്ടാക്കിയ ജ്യോതി നെല്‍വിത്താണ് ഈ വര്‍ഷത്തെ കൃഷിക്കു വേണ്ടി ഉപയോഗിക്കുന്നത്. കൃഷി നടത്താന്‍ കൊയ്ത്ത് യന്ത്രവും, ടില്ലറും, ട്രാക്ടറും ബേങ്കിനു സ്വന്തമായുണ്ട്. പറിച്ച് നടല്‍ ഒഴികെയുള്ള കൃഷിപണികള്‍ മുഴുവന്‍ ബേങ്ക് ജീവനക്കാര്‍ സംയുക്തമായാണ് ചെയ്തുവരുന്നത്. ബേങ്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും, അവധി ദിവസങ്ങളിലും ജീവനക്കാര്‍ കൃഷി നടത്താന്‍ പാടശേഖരങ്ങളില്‍ എത്തും. അഞ്ച് ബ്രാഞ്ചുകളിലായി സെക്രട്ടരി ഉള്‍പ്പെടെ 38 ജീവനക്കാരാണ് ബേങ്കില്‍ ജോലി ചെയ്തുവരുന്നത്. പട്ടുവം കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കൃഷി നടത്തിവരുന്നത്. ബേങ്ക് പ്രസിഡന്റ് കെ. കരുണാകരന്‍, ബേങ്ക് സെക്രട്ടരി കെ.പി ശ്രീനിവാസന്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു. ബേങ്കിലെ സീനിയര്‍ ക്ലര്‍ക്ക് പി. അശോകനാണ് കൃഷി കാര്യങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍. 

മൂന്നാവര്‍ഷമാണ്  ബേങ്ക് കൃഷിയിറക്കുന്നത്. കഴിഞ്ഞ വര്‍ഷം 45 ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷിയിറക്കിയത്. വിളവെടുത്ത അരി പട്ടുവം കുത്തരി എന്ന ബ്രാന്‍ഡ് നാമത്തില്‍ വെള്ളിക്കില്‍ റോഡിലെ ബേങ്കിന്റെ നീതി സ്റ്റോറില്‍ നിന്നും കിലോഗ്രാമിന് 60 രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് വിറ്റിരുന്നു. കൂടാതെ ബാക്കി വന്ന നെല്ല് അവില്‍ ഉല്പാദിപ്പിക്കുന്ന മില്ലുകള്‍ക്കും വില്പന നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ലാഭത്തിലായിരുന്നു ബേങ്ക് കൃഷി നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം വിളയായി പട്ടുവം പാടശേഖരത്ത് അഞ്ച് ഏക്കര്‍  സ്ഥലത്ത് ഉഴുന്നു കൃഷിയും ബേങ്ക് നടത്തിയിരുന്നു. 

കഴിഞ്ഞ ദിവസം പാടശേഖരങ്ങളില്‍ നടന്ന വിത്തിറക്കല്‍ ചടങ്ങില്‍ ബേങ്ക് പ്രസിഡന്റ് കെ. കരുണാകരന്‍, ബേങ്ക് സെക്രട്ടറി കെ.പി ശ്രീനിവാസന്‍, അസി. സെക്രട്ടറി ടി.വി പ്രേമന്‍, കോ-ഓര്‍ഡിനേറ്റര്‍ പി. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait