സുഭിക്ഷ കേരളം പദ്ധതിയില്‍ പട്ടുവം ഗ്രാമപഞ്ചായത്തിലെ കയ്യം പാടശേഖരത്തില്‍ വിത്തിറക്കി 

Published on 21 May 2020 8:18 pm IST

തളിപ്പറമ്പ്: കാര്‍ഷിക മേഖലയിലെ ഭക്ഷ്യ സ്വയംപര്യാപ്ത പദ്ധതി (സുഭിക്ഷ കേരളം) യില്‍ പട്ടുവം ഗ്രാമപഞ്ചായത്തിലെ കയ്യം പാടശേഖരത്തില്‍ വിത്തിറക്കി. 60 ഏക്കര്‍ തരിശ് രഹിത കൈപ്പാട് ഭൂമിയിലാണ് നെല്‍കൃഷി ഇറക്കുന്നത്. കൈപ്പാട് സമിതിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കര്‍ഷകര്‍, കൃഷിക്കാര്‍ തുടങ്ങിയവരാണ് കൃഷി നടത്തുക. ഏഴോം- രണ്ട് നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. വിത്തിടാന്‍ കൈപ്പാട് നിലം ഒരുക്കിയത് ജില്ലാ പഞ്ചായത്തും, കൃഷി ചെയ്യാന്‍ വിത്ത് നല്കിയത് പട്ടുവം ഗ്രാമപഞ്ചായത്തുമാണ്. പട്ടുവം കൃഷിഭവന്‍ മേല്‍നോട്ടം വഹിക്കും. 

അടുത്ത ഘട്ടത്തില്‍ അരിയിലെ 25 ഏക്കര്‍, മുള്ളൂലിലെ 10 ഏക്കര്‍, കൂത്താട്ടെ 20 ഏക്കര്‍, കിഴക്കെ പുറത്തെ 55 ഏക്കര്‍ പാടശേഖരത്തിലും തരിശ് രഹിത കൈപ്പട് നെല്‍കൃഷിക്ക് വിത്തിറക്കും. കയ്യം പാടശേഖരത്ത് വിത്തിറക്കല്‍ ചടങ്ങ് ടി.വി രാജേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.വി ചന്ദ്രന്‍, പട്ടുവം സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കെ. കരുണാകരന്‍, കെ. ദാമോദരന്‍, എം.വി ജനാര്‍ദ്ദനന്‍, സി. നാരായണന്‍, പട്ടുവം കൃഷി ഓഫീസര്‍ പി.എം കൃഷ്ണ, അസി. കൃഷി ഓഫീസര്‍ എം. ശ്രീദേവി എന്നിവരും പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait