ലോക്ഡൗണിന്റെ മറവില്‍ കര്‍ഷകരെ പീഡിപ്പിക്കുന്നു: അഡ്വ. സജീവ് ജോസഫ്

Published on 25 April 2020 9:46 pm IST

കണ്ണൂര്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വിവിധ മേഖലകള്‍ക്ക് ഇളവുകള്‍ നല്കിയിട്ടും കാര്‍ഷിക മേഖലയെ മാത്രം സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണെന്നും നിയമത്തിന്റെ മറവില്‍ കര്‍ഷകരെ പീഡിപ്പിക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആരോപിച്ചു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. കൃഷി സ്ഥലത്ത് പോകാന്‍ പോലും അനുവദിക്കുന്നില്ല. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കശുവണ്ടി സംഭരണം പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം 130 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 90 രൂപയാണ് കശുവണ്ടിക്ക് സര്‍ക്കാര്‍ നല്‍കിയത്. ഈ അന്തരം എങ്ങനെയുണ്ടായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വിഷമ ഘട്ടത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റബ്ബര്‍ സബ്‌സിഡി നാമമാത്രമായാണ് വിതരണം ചെയ്തത്. 

ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത പഞ്ചായത്തുകളിലെങ്കിലും ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. ആര്‍.പി.എസ് മുഖേന റബ്ബര്‍ സംഭരിക്കാന്‍ റബ്ബര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണം. പുതു കൃഷി ആരംഭിക്കുന്നതിന് പലിശരഹിത വായ്പ അനുവദിക്കണം. ബാങ്ക് വായ്പകള്‍ക്കുള്ള തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം പ്രഖ്യാപിക്കണം. കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സജീവ് ജോസഫ് മുന്നറിയിപ്പ് നല്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait