ഇല്യാസിന്റെ വീട്ടുമുറ്റത്ത് ഇത് മുന്തിരി വസന്തം 

Published on 24 April 2020 4:02 pm IST

ചെറുപുഴ: പച്ചക്കറി, പഴം വ്യാപാരികള്‍ക്ക് ആവശ്യത്തിനുള്ള സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ അന്യ സംസ്ഥാനങ്ങള്‍ കനിയണം. എന്നാല്‍ വീട്ടില്‍ ആവശ്യമുള്ളതെല്ലാം കുറഞ്ഞ സ്ഥലത്ത് തന്നെ ഉത്പാദിപ്പിച്ച് വ്യത്യസ്തനാവുകയാണ് ചെറുപുഴയിലെ പച്ചക്കറി വ്യാപാരി ഇല്യാസ്. പുരയിടത്തില്‍ ഗപ്പി മീന്‍ മുതല്‍ പോത്ത് വരെയെല്ലാമുണ്ട്. വീട്ടിലെത്തുന്ന ആരെയും ആദ്യം ആകര്‍ഷിക്കുന്ന വിധത്തില്‍ മനോഹരമായ പൂന്തോട്ടം. പൂന്തോട്ടത്തിലെ ചെറിയ കുളത്തില്‍ ഗപ്പിയും മുശിയും, വാളയും വളരുന്നു. തൊടിയില്‍ നിറയെ പൂത്തുനില്‍ക്കുന്ന റംബൂട്ടാനും, ലിച്ചിയും, മാതള നാരങ്ങയും, കറിനാരങ്ങയും, നെല്ലിയും, പേരയും,  വാഴയും വ്യത്യസ്ഥങ്ങളായ മാവുകളും പ്ലാവുകളുമുണ്ട്. മൈസൂരിലെ മുന്തിരിപാടം ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഇല്യാസിന്റെ വീട്ടുമുറ്റത്തുണ്ട് ഭാര്യ നട്ടു പരിപാലിക്കുന്ന നിറയെ കായ്ച്ചു കിടക്കുന്ന മുന്തിരിവള്ളി. ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന മുന്തിരി കൃഷിയെ പറ്റി പറയാനേറെയുണ്ട് ഇല്യാസിന്. വീട്ടുമുറ്റത്തെ പാവലും പടവലവും പച്ചമുളകും നിറയെ കായ്ച്ചു കിടക്കുന്നു. വീട്ട് ആവശ്യം കഴിഞ്ഞാല്‍ ബാക്കിയുള്ളത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ദാനം ചെയ്യുന്നതാണി വരുടെ ശീലം. പച്ചക്കറിക്കടയിലെ വേസ്റ്റ് സംസ്‌കരിക്കുന്നതിന് വീട്ടിലൊരു പോത്തിനെയും വളര്‍ത്തുന്നു. ഇല്യാസും ഭാര്യാപിതാവ് ഇസ്മയിലും രാവിലെ കടയിലേക്ക് പോയാല്‍ എല്ലാം പരിപാലിക്കുന്നത് ഭാര്യയും മക്കളും ഉമ്മയുമാണ്. മനസ്സുണ്ടെങ്കില്‍ ആര്‍ക്കും ആദായകരമായി ചെയ്യാവുന്ന ഒന്നാണ് കൃഷിയെന്ന പാഠം പഠിപ്പിക്കുകയാണ് ഇല്യാസും കുടുംബവും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait