പച്ചക്കറി കൃഷി കൂട്ടായ്മയുടെ വിജയം

Published on 19 February 2020 10:40 am IST

പള്ളിക്കുന്ന്: പള്ളിക്കുന്ന് മാക്കുനി റോഡിലെ ഒരു വീട്ടുപറമ്പില്‍ വെണ്ടയും, തക്കാളിയും, വഴുതിനയും, പച്ചമുളകും, പാവയ്ക്കയും, പയറും എന്നു വേണ്ട ചീരയൊക്കെ വിളഞ്ഞു നില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കും. തരിശായി കിടന്ന ഭൂമിയില്‍ നൂറുമേനി വിളയിച്ചത് ഒരു കൂട്ടായ്മയുടെ വിജയമാണ്. പള്ളിക്കുന്ന് അംബികാ റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം ആളുകള്‍ പച്ചക്കറി കൃഷി തുടങ്ങിയത്. തികച്ചും ജൈവകൃഷി രീതിയിലാണ് തൈകള്‍ നട്ടു നനച്ചു വളര്‍ത്തിയത്. സമീപത്തെ വീട്ടുകാരുടെ സഹായത്തോടെ വെള്ളം നനച്ചു. അതിരാവിലെയും വൈകുന്നേരവും കൂട്ടായ്മയിലെ ആളുകള്‍ വന്ന് വെള്ളം നനയ്ക്കുകയും കൃഷി പരിപാലനം നടത്തുകയും ചെയ്തു. കുറച്ച് സ്ഥലത്താണെങ്കിലും നല്ല വിളയാണ് എല്ലാ ഇനങ്ങളിലും ലഭിച്ചത്. പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.കെ വസന്ത നിര്‍വ്വഹിച്ചു. വിളവെടുക്കുന്ന പച്ചക്കറികള്‍ മിതമായ വിലയ്ക്ക് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് തന്നെ വിതരണം ചെയ്യുന്നു. 

അംബികാ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് ഗോപാല്‍, എ.വി സുരേഷ് ബാബു, വിജയന്‍, കെ.ടി സുരേഷ്, ഉമേഷ് നമ്പ്യാര്‍, ഡോ. അനില്‍കുമാര്‍, മാല, രജിത, കെ.എം ഗ്രിഗറി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പച്ചക്കറി കൃഷിയില്‍ കുട്ടികളും സജീവമാണ്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ചയിലും ജൈവ പച്ചക്കറി കച്ചവടവും നടക്കുന്നു. കൂട്ടായ്മ വിപുലീകരിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അംബികാ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait