ഓമനക്കാഴ്ചയ്ക്ക് ചൂളയാട് ഒരുങ്ങി; വാഴക്കുലകള്‍ പഴുക്കാനായി കുഴിയില്‍ വയ്ക്കും

Published on 18 February 2020 5:21 pm IST

പയ്യാവൂര്‍: കാര്‍ഷിക സംസ്‌ക്കാരത്തിന്റെ പൊലിമ തുളുമ്പുന്ന പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങാണ് ഓമനക്കാഴ്ച. പയ്യാവൂര്‍ ഊട്ടുത്സവം ദേശങ്ങളുടെ സാഹോദര്യവും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുന്ന ചടങ്ങാണ്. ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍ വരമ്പുകള്‍ക്കപ്പുറം ഒരുമയുടെ കാഴ്ചയുമായി പതിനായിരങ്ങള്‍ പയ്യാവൂരിലെത്തുന്നു. വ്യത്യസ്ത ദേശങ്ങളുടെയും ഭാഷയുടെയും സംസ്‌ക്കാരങ്ങളുടെയും സംഗമ വേദിയായി പയ്യാവൂര്‍ മാറുന്നു. പണ്ടെങ്ങോ ഒരു വറുതികാലത്ത് ഊട്ടുത്സവം മുടങ്ങി പോയെന്നും അതേ തുടര്‍ന്ന് സാക്ഷാല്‍ പരമശിവന്‍ നേരിട്ട് എഴുന്നള്ളി അരി കുടക് നാട്ടില്‍ നിന്നും, ഇളനീര്‍ ചേടിച്ചേരി നാട്ടില്‍ നിന്ന്, മോര് കൂനനത്ത് നിന്നും, പഴം ചൂളിയാട് നിന്നും തുടങ്ങി ഊട്ടുത്സവത്തിനാവശ്യമായ ഭഷ്യ വിഭവങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്നും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം. ചൂളിയാടുള്ള തീയ്യ സമുദായത്തില്‍ പെട്ടവര്‍ക്കാണ് അതിന്റെ അവകാശം. 

ഒരു വീട്ടിലെ പുരുഷപ്രജക്ക് 2 വാഴക്കുല വീതം എന്നാണ് കണക്ക്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടങ്ങി വച്ച ആചാരം ഒരു വരദാനം പോലെ കൈമോശം വരാതെ കൊണ്ടാടുകയാണ് ഒരു ജനത മുഴുവനായും. വിവിധ ദേശക്കാരുടെ കാഴ്ചകളില്‍ സംഘബലത്തിന്റെ കരുത്ത് കൊണ്ടും ഉടവ് തട്ടാത്ത ഉത്സാഹം കൊണ്ടും ചുളിയാട്ടുകാരുടെ ഓമനക്കാഴ്ച ഒന്നാമതെത്തുന്നു. പയ്യാവൂര്‍ ഊട്ടുത്സവം എന്ന് കേട്ടാല്‍ മനം നിറയെ ആദ്യമെത്തുന്നത് ഓമനക്കാഴ്ചയാണ്. കുഭം പിറന്നാല്‍ വ്രതാനുഷ്ടാനങ്ങള്‍ ആരംഭിക്കുന്നു മത്സ്യ മാംസാദികള്‍ വെടിഞ്ഞ് വാഴക്കുലകള്‍ അടുത്ത പ്രദേശങ്ങളായ മലപ്പട്ടം, പാവന്നൂര്‍, കാഞ്ഞിലേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, ബ്ലാത്തൂര്‍, ചേടിച്ചേരി, മട്ടന്നൂര്‍, കൊടോളിപ്രം കൊളപ്പ, പട്ടാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഴക്കുലകള്‍ ശേഖരിക്കുന്നു. 

നാളെ വൈകീട്ട് നാലുമണിയോടെ തൈവളപ്പ്, നല്ലൂര്‍, തടത്തില്‍കാവ്, ചമ്പോച്ചേരി, മപ്പുരക്കില്‍ എന്നീ അഞ്ചു കുഴികളിലായി കുലകള്‍ പഴുക്കാന്‍ വയ്ക്കുന്നു. 22-ന് രാവിലെ പുറത്തെടുത്ത കുലകള്‍ അഞ്ചു കുഴികള്‍ക്ക് സമീപം അഞ്ച് പന്തലുകളിലായി തൂക്കിയിടുന്നു. 23-ന് രാവിലെ 10 മണിയോടെ തടത്തില്‍ കാവില്‍ നിന്നും പുറപ്പെടുന്ന ഓമന കാഴ്ചയെ മേലായി കുഞ്ഞുംബിടുക്ക കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഓലക്കുടയുമായി നയിക്കും. വാദ്യമേളങ്ങള്‍ മുത്തുക്കുട ആലവട്ടം വെഞ്ചാമരം അകമ്പടിയോടെ ശുഭ്രവസ്ത്രധാരികളായി നഗ്‌നപാതരായി മൂവായിരത്തോളം വാഴക്കുലകളുമായി നൂറ് കണക്കിന് ആളുകള്‍ 15 കിലോമീറ്റല്‍ അകലെയുള്ള പയ്യാവൂര്‍ ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും. ഓമനക്കാഴ്ചയില്‍ അവസാനം കണ്ണിചേരുന്ന അടുവാപ്പുറം തൈവളപ്പില്‍ എത്തുമ്പോഴേക്കും യാത്ര അയപ്പിന് വിവിധ ദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്തും. ചുളിയാട്ടെ ആ ബാലവൃദ്ധം ജനങ്ങളും കൂടിയാവുമ്പോള്‍ ഗ്രാമം നിറയും. ഓമനക്കാഴ്ച ആദിത്യ മര്യാദയുടെ ഒരു ഉത്സവം കൂടിയാണ്. ഈ ദിവസം ഗ്രാമത്തിലെത്തുന്ന അപരിചിതരെക്കൂടി വിശിഷ്ട അതിഥികളായി സ്വീകരിക്കും. ആ ദിവസം ലോകത്തെവിടെയായാലും ചുളിയാട്ടുകാര്‍ നാട്ടിലെത്തും. 

വിവാഹം കഴിഞ്ഞ് പോയവര്‍ വിദൂര ദേശത്ത് ജോലിക്ക് പോയവര്‍ നാട്ടിലെത്താന്‍ കൊതിക്കുന്ന ഉത്സവ ദിനം കൂടിയാണ് കുഭം പത്ത്. സ്‌നേഹ ബന്ധങ്ങളുടെയും കുട്ടായ്മയുടെയും സന്ദേശമാണ് ഇതില്‍ നിന്നും ദര്‍ശിക്കാനാവുക പുറമെ നിന്ന് എത്തുന്നവരെ ആദിത്യ മര്യാദയോടെ സ്വീകരിക്കുകയും എല്ലാ വീടുകളിലും അപ്പവും പഴവും നല്‍കിയുള്ള സല്‍ക്കാരവും ഈ സുദിനത്തിന്റെ പ്രത്യേകതയാണ് ലളിതമെങ്കിലും വിഭവ സമൃദ്ധമായ വിരുന്നിന്റെ നൈര്‍മല്യവും നാടിന്റെ വിശുദ്ധിയുടെ ഓര്‍മ്മകളുമാണ് ഈ ദിനം നാട്ടുകാര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ ലോകത്തെവിടെയായാലും നാട്ടിലെത്തണമെന്ന ശാഠ്യം ഇവിടുത്തുകാര്‍ക്ക് ഉണ്ടാകുന്നു. കാഴ്ച പുറപ്പെടുന്ന ദിവസം അടുവാപ്പുറം ആല്‍ത്തറയില്‍പാനകം നല്‍കുന്ന പതിവുണ്ട്. വെല്ലവും ചുക്കും ഏലക്കായും ചേര്‍ത്ത പാനക വെള്ളം ഓമനക്കാഴ്ചയുടെ യാത്രയയപ്പിന് എത്തുന്നവര്‍ കുടിക്കാതെ പോവാറില്ല. അടുവാപ്പുറത്തു നിന്നും കണിയാര്‍ വയല്‍ വയക്കര ബാലങ്കരി കാഞ്ഞിലേരി വഴി ഇരുഡ് പുഴയില്‍ മുങ്ങി നിവര്‍ന്ന കാഴ്ചക്കാര്‍ നാലുമണിയോടെ പയ്യാറ്റ് വയലില്‍ എത്തുമ്പോഴേക്കും ദേവസ്വം അധികാരികളും ആനയും അമ്പാരിയുമായി നെയ്യ മ്യത്കാരോടൊപ്പം കാഴ്ചയെ എതിരേല്‍ക്കും. തുടര്‍ന്ന് പുരുഷാരത്തിന്റെ അകമ്പടിയോടെ കാഴ്ച ക്ഷേത്ര സന്നിധിയില്‍ അര്‍പ്പിക്കും. 

ജാതി ഭേദമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്റെയും നാടിന്റെ കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ ഒരു പ്രദേശമാകെ ഉയര്‍ത്തുന്ന പാരമ്പര്യ കാര്‍ഷിക സാംസ്‌ക്കാരിക കാര്‍ഷിക ഉത്സവമാണ് ഓമന കാഴ്ച. ജനങ്ങളുടെ സാംസ്‌ക്കാരിക നിര്‍വൃതി ചുളിയാടിന്റെ കാര്‍ഷിക മഹത്വവും ജനകീയ ഐക്യവും കൂടി വെളിപ്പെടുത്തുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait