അക്കരെ നിന്നൊരു കര്‍ഷകന്‍

ആദര്‍ശ് ലക്ഷ്മണന്‍
Published on 02 February 2019 1:25 pm IST

കണ്ണൂര്‍: മരുഭൂമികളുടെ നാട്ടില്‍ നിന്ന് പച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് കണ്ണൂര്‍ പള്ളി പറമ്പ് സ്വദേശി യൂസഫ്. തിരക്കുകള്‍ക്കിടയിലും സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്ന യൂസഫ് പ്രവാസികള്‍ക്കിടയിലെ മികച്ച മാതൃകയാണ്. സമയ ലഭ്യത കുറവ് പറഞ്ഞ് ക്യഷിയില്‍ നിന്ന് മുഖം തിരിക്കുന്ന 
സ്വദേശികള്‍ക്കിടയില്‍ ഈ പ്രവാസി ജോലിക്കിടയില്‍ വീണു കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് തന്റെ കൃഷിയിടത്തിലെത്തുക. താമസ സ്ഥലത്തെ ടെറസിലാണ് കൃഷിയിടം. വെള്ളരിയും, പയറും, കൈപ്പയും ഉള്‍പ്പെടെ കൃഷിയിറക്കി വിളവെടുത്തു. കുറച്ച് കാലങ്ങളായി മത്തനും, കുമ്പളവും, വെണ്ടക്കയും ഇദ്ദേഹം കൃഷി ചെയ്യാന്‍ ആരംഭിച്ചു. മികച്ച വിത്തുകളും വളവും ലഭ്യമായതാണ് ടെറസിലെ കൃഷിയുടെ വിജയരഹസ്യം.  
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങമായി പച്ചക്കറി കൃഷി ചെയു വരികയാണ് യൂസഫ്. അബുദാബിയിലെ താമസസ്ഥലത്തെ ടെറസിന്റെ ഇടുങ്ങിയ സ്ഥലത്താണ് ഇത്രയും വിളകള്‍ വിളയിച്ചെടുത്തത് എന്നതാണ് യൂസഫിനെ മാതൃകയാക്കുന്നത്. പച്ചക്കറിത്തോട്ടം കാണാനെത്തുന്നവരെല്ലാം വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് പാടിയിട്ടേ പോകൂവെന്ന് യൂസഫ് പറയും. ആധുനിക ഇന്റര്‍നെറ്റ് യുഗത്തില്‍ സോഷ്യല്‍ മീഡിയകളില്‍ കണ്ണുംനട്ട് സദാസമയവും മെബൈല്‍ ഫോണിന് മുന്നില്‍ സമയം നഷ്ട്ടപ്പെടുത്തുന്ന പുതുതലമുറ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇടയില്‍ മികച്ച മാതൃക തന്നെയാണ് ഈ കണ്ണൂര്‍ സ്വദേശി. ദീര്‍ഘകാലമായി അബുദാബിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടില്‍ എത്തിയാലും വീട്ടുവളപ്പില്‍ കൃഷി ചെയ്യാറുണ്ട്. അബുദാബിയിലെ മണലാരണ്യത്തിലെ പ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളവെടുത്ത് അബുദാബിയിലെ മറ്റു പ്രവാസികള്‍ക്കും പ്രചോദനമായി മാറുകയാണ് ഇദ്ദേഹം. കൃഷി ചെയ്യുന്നത് പുതുതലമുറയ്ക്ക് ദൂരഭിമാനമായി മാറിയ കാലത്ത് യൂസഫിന്റെ ശ്രമങ്ങള്‍  മുതല്‍കൂട്ടാണ്. കാലവസ്ഥ പ്രതികൂലമാണെങ്കിലും കഴിയുന്നത്ര പച്ചക്കറികള്‍ തന്റെ താമസസ്ഥലത്തു തന്നെ ഉല്‍പാദിപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് യൂസഫ്. തികച്ചും ജൈവ രീതിയിലാണ് കൃഷി. വളരെയധികം ശ്രദ്ധയോടെ പച്ചക്കറി ചെടികളെ പരിപാലിച്ചാല്‍ മാത്രമെ അബുദാബിയിലെ കാലവസ്ഥയില്‍ പച്ചക്കറി വിളവെടുക്കാന്‍ സാധിക്കൂ. 
എല്ലാ പ്രവാസികളും ഒഴിവു സമയങ്ങളില്‍  പച്ചക്കറി കൃഷി ചെയ്യാന്‍ തയ്യാറാവുകയാണെങ്കില്‍ അത് ഒരു വിപ്ലവകരമായ മാറ്റം പ്രവാസ ലോകത്ത് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് യൂസഫ് പറയുന്നു. വരും ദിവസങ്ങളില്‍  കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി തന്റെ ക്യഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് യൂസഫ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

KRSHI

Related News

Latest News

Loading...please wait