വൈക്കോല്‍ ക്ഷാമം രൂക്ഷം ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍ 

Published on 30 January 2019 1:25 pm IST

കണ്ണൂര്‍: കേരളത്തിലേക്കുള്ള വൈക്കോല്‍ കടത്ത് കര്‍ണ്ണാടക നിരോധിച്ചതോടെ ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. മലബാറിലെ ഭൂരിഭാഗം കര്‍ഷകരും കര്‍ണ്ണാടക വൈക്കോലിനെ ആശ്രയിക്കുന്നവരാണ്. കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന വൈക്കോലിന്റെ തൊണ്ണൂറു ശതമാനവും മലബാറിലേക്കാണ് എത്തുന്നത്. എന്നാല്‍ തദ്ദേശിയ കര്‍ഷകര്‍ക്ക് കുടകില്‍ വൈക്കോല്‍ ക്ഷാമം രൂക്ഷമായതോടെയാണ് കുടക് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്. കേരളത്തിലേക്ക് വൈക്കോല്‍ കടത്തുന്നതിനാല്‍ കുടകിലെ ക്ഷീര കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയില്‍ വൈക്കോല്‍ വാങ്ങിക്കേണ്ടി വരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിരോധനം. നിരോധനം മാറ്റുന്നതിനായി വൈക്കോല്‍ കടത്ത് ഏജന്റുമാരും ചില കര്‍ഷക സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്. കര്‍ണ്ണാടകയില്‍ നിരോധനം വന്നതോടെ അടുത്തുള്ള ഗ്രാമങ്ങളിലെ നെല്‍കര്‍ഷകരുടെ കയ്യില്‍ നിന്ന് വൈക്കോല്‍ ശേഖരിക്കുകയാണ് മലബാറിലെ ക്ഷീര കര്‍ഷകര്‍. നെല്‍കൃഷി പാടെ കര്‍ഷകര്‍ ഒഴിവാക്കിയതും പ്രളയവും തുടര്‍ന്നുണ്ടായ വരള്‍ച്ചയും കാരണം നെല്‍കൃഷി നശിച്ചതും വൈക്കോല്‍ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. പല കര്‍ഷകരുടെ അടുത്തും കുറച്ചു മാത്രമേ വൈക്കോല്‍ ഉള്ളൂവെന്നും ക്ഷീര കര്‍ഷകര്‍ പറയുന്നു.വൈക്കോല്‍ കടത്തിനായി കര്‍ണ്ണാടകയില്‍ നിരവധി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മടിക്കേരി , മൂര്‍നാട്, വിരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് എറ്റവും കൂടുതല്‍ വൈക്കോല്‍ ഉത്പാദിപ്പിക്കുന്നത്. ഇവിടെയുള്ള വൈക്കോലിന് ഗുണമേന്മ കൂടുതലും വില കുറവുമാണെന്നും കര്‍ഷകര്‍ പറയുന്നു. കുടകില്‍ വൈക്കോലിന്റെ ഒരു കെട്ടിന് 15 രൂപയാണെങ്കില്‍ കേരളത്തില്‍ എത്തുന്നതോടെ അതിന് 30-35 രൂപയാകും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളിലേക്കാണ് പ്രധാനമായും കുടകില്‍ നിന്നും വൈക്കോല്‍ എത്തുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

VAIKOL

Latest News

Loading...please wait