ആയിരം  വില്ലൊടിച്ചു...  നടൻ ജബ്ബാർ യാത്രയായി.

ആർട്ടിസ്റ്റ് ശശികല
Published on 11 September 2020 8:27 pm IST
ജബ്ബാർ കണ്ണൂരിൽ നടന്ന ഓൾ കേരളാ പ്രസ്സ് ഓർഗനൈസേഷന്റെ ജില്ലാ സമ്മേളനത്തിൽ  വെച്ച് ആർട്ടിസ്റ്റ്  ശശികലയെ പൊന്നാടയണിയിച്ചു  ആദരിച്ചപ്പോൾ ( ഫയൽ  ചിത്രം ).

കണ്ണൂർ:1962 ൽ ചിറക്കൽ രാജാസ് ഹൈസ്കൂളിലെ  പിൻബെഞ്ചിലിരുന്ന " നീളൻ കാക്ക "എന്ന്  വിളിപ്പേരുള്ള " ജബ്ബാർക്ക "എന്ന കെ. സി. കെ. ജബ്ബാർ ഇന്ന് നമ്മോട് വിട പറഞ്ഞു. രാജാസ് ഹൈസ്കൂൾ മലയാളം അധ്യാപകനായിരുന്ന  സി. എം. എസ്. ചന്തേര മാഷ്  എഴുതി  തയ്യാറാക്കിയ " ത്യാഗ വേദി " എന്ന ദേശപ്രചോദിതമായ ഒരു  നാടകത്തിലൂടെ തന്റെ അഭിനയമികവ് കാഴ്ച്ചവെച്ച് കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ഇന്ത്യാ - ചൈന യുദ്ധം കൊടുമ്പിരി കൊള്ളുന്ന ആ കാലഘട്ടത്തിൽ അവതരിപ്പിച്ച നാടകത്തിൽ തമിഴ്  ചക്രവർത്തി ശിവാജി ഗണേശനെ വെല്ലുന്ന പഞ്ച്  ഡയലോഗ് - ഇന്ത്യൻ പട്ടാളക്കാരനായി  വേഷമിട്ടു ചൈനീസ് പട്ടാള ജനറലിനോട് " ഈ  കൈവിലങ്ങു മാറ്റി തരൂ.... ശത്രുവിനെ ഞാൻ  ആഞ്ഞടിക്കട്ടെ " എന്ന് പറഞ്ഞ രംഗമാണ്  ജബ്ബാറിനെ പ്രശസ്തിയിലേക്കുയർത്തുയത്. മാഷാണ് ഇദ്ദേഹത്തിലെ  കലാകാരനെ  കണ്ടെത്തിയതും. തുടർന്നങ്ങോട്ട് നിരവധി റേഡിയോ നാടകങ്ങളിലും സിനിമയിലേക്കും ചേക്കേറി. അക്കാലത്തു അനശ്വര നടൻ സത്യൻ മാഷുടെ സഹോദരൻ  സത്യനേശൻ സംവിധാനം ചെയ്ത " അക്കരപ്പച്ച " എന്ന  സിനിമയിൽ അക്കാലത്തെ തിരക്കുള്ള നടിയായിരുന്ന ജയഭാരതിക്കൊപ്പം അവരുടെ കാമുകനായി ആടിപ്പാടി തിമിർത്തഭിനയിച്ച "ആയിരം  വിലൊടിഞ്ഞു... ആരോമൽ മെയ്‌  മുറിഞ്ഞു... ആശ്രമക്കിളിയെന്നെ  എയ്തെയ്തെയ്തോ.... ആവനാഴിയിലമ്പ് തീർന്നു... " എന്ന ഹിറ്റ്‌  ഗാനരംഗത്തിലൂടെ " സുനിൽ "എന്ന  കഥാപാത്രത്തെ വെള്ളിത്തിരയിലൂടെ പ്രേക്ഷക  ലക്ഷം കണ്ടറിഞ്ഞു... വളപട്ടണം മന്ന  സ്വദേശിയായ ജബ്ബാർ തുടർന്നങ്ങോട്ട്  ഉരുക്കു  മുഷ്ടി, പൂമ്പാറ്റ, ശരവർഷം, അനന്തം  അജഞാതം, അവർണനീയം തുടങ്ങിയ  സിനിമകളിൽ വേഷമിട്ടു കൊണ്ട് തന്റെ  ജൈത്രയാത്രയിലൂടെ ആധിപത്യം  ഉറപ്പിക്കുകയായിരുന്നു. സാധാരണക്കാരന് അക്കാലത്തു സിനിമയെന്ന അപ്രാപ്യമായ ഒരു കാലഘട്ടത്തിലാണ് ജബ്ബാറിന്റെ സിനിമാ നടനെന്ന മോഹത്തിന്റെ  സാക്ഷാൽകാരം എന്ന് നാം ഓർക്കണം. അവസാന കാലഘട്ടത്തിലും കലാ- സാഹിത്യ രംഗങ്ങളിൽ  കെ. സി. കെ  എന്നും കണ്ണൂരിന്റെ  നിറസാന്നിദ്ധ്യമായിരുന്നു. സ്കൂളിൽ നിന്നും തുടങ്ങി, തുടർന്നങ്ങോട്ട് ഒട്ടേറെ വേദികളിൽ ഞാനും ജബ്ബാർക്കയും ഒത്തു കൂടാറുണ്ടായിരുന്നു. സൗമ്യമായ പെരുമാറ്റം  അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ആരെയും ബഹുമാനിക്കുന്ന പ്രകൃതമായിരുന്നു,  അദ്ദേഹത്തിന്റെത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം എന്റെ വീട്ടിലെത്തി സമാധാനം കണ്ടെത്തുമായിരുന്നു ഇദ്ദേഹം.  തന്റെ കലാ  കഴിവുകളിൽ തെല്ലും അഹങ്കാരം തൊട്ടുതീണ്ടാത്ത ഇദ്ദേഹത്തിന്റെ പത്നി ഒരു  വർഷം മുന്നെ വിടപറഞ്ഞിരുന്നു. വിദേശ ജോലിക്കാരനായ ഏക മകൻ  ഒപ്പമുണ്ട്. ഇപ്പോൾ കണ്ണൂർ താണയിലായിരുന്നു താമസം. കണ്ണൂരിന്റെ യശസ്സ് അബ്രപാളികളിലൂടെ എന്നും ബാക്കിയാക്കി വിധിക്കു കീഴടങ്ങേണ്ടി  വന്ന ജബ്ബാർക്കയുടെ വേർപാട്  കലാലോകത്തിനു പ്രത്യേകിച്ച് കണ്ണൂരിന് ഒരു  തീരാ നഷ്ടമാണെന്ന് പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ - ഫോക്‌ലോർ  അക്കാദമി  മുൻ മെമ്പറുമായ ആർട്ടിസ്റ്റ് ശശികല തന്റെ അനുസ്മരണ കുറിപ്പിൽ പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait