മയക്കുമരുന്ന് കേസ്: റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ 

കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിച്ചു, ജീവന്‍ അപകടത്തിലാണെന്ന് റിയ 
Published on 10 September 2020 11:11 pm IST

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. ജാമ്യാപേക്ഷ വിശദമായി കേട്ട ശേഷമാണ് മുംബൈയിലെ കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നുമാണ് റിയയുടെ വാദം. 

സ്വയം കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും ജാമ്യാപേക്ഷയിലുണ്ട്. തനിക്കെതിരേ ബലാത്സംഗ, വധഭീഷണികളുണ്ട്. മൂന്ന് ഏജന്‍സികളുടെ അന്വേഷണം മാനസികമായി ഏറെ തകര്‍ത്തു. സ്വയം കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഈ കുറ്റസമ്മതമെല്ലാം താന്‍ പിന്‍വലിച്ചതായും റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) യുടെ അറസ്റ്റ് അനാവശ്യവും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നുമാണ് പ്രതിയുടെ വാദം. എല്ലാ സ്വാതന്ത്ര്യവും വെട്ടിക്കുറച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികള്‍. ചോദ്യംചെയ്യലിന് ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ല. പുരുഷ ഉദ്യോഗസ്ഥര്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ഒരു നിയമോപദേശവും തേടാന്‍ അനുവദിച്ചില്ല. ചെറിയ അളവില്‍ മയക്കുമരുന്ന് കൈകാര്യം ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ചൊവ്വാഴ്ചയാണ് നടി റിയ ചക്രവര്‍ത്തിയെ എന്‍.സി.ബി അറസ്റ്റ് ചെയ്തത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ റിയ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ബൈക്കുളയിലെ വനിതാ ജയിലിലാണ് റിയ ചക്രവര്‍ത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait