സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനല്‍കിയെന്ന് സമ്മതിച്ച് റിയ; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

Published on 06 September 2020 8:54 pm IST

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന് സഹോദരന്‍ വഴി മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നതായി റിയ ചക്രവര്‍ത്തി. മുംബൈയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) യുടെ ചോദ്യം ചെയ്യലിലാണ് റിയ ഇക്കാര്യം സമ്മതിച്ചതെന്ന് എന്‍.സി.ബി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ റിയയെ ഞായറാഴ്ച വൈകിട്ട് ആറരയോടെ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

മാര്‍ച്ച് 17-ന് സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ് സെയ് ദില്‍നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ പോയ കാര്യം തനിക്കറിയാമെന്നും റിയ എന്‍.സി.ബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സെയ്ദുമായുള്ള ഇടപാടുകള്‍ തനിക്കറിയാം. സഹോദരന്‍ ഷൗവിക്കുമായി ചേര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിരുന്നത്. മാര്‍ച്ച് 15 മുതല്‍ സഹോദരനുമായി നടത്തിയ ചാറ്റുകളെല്ലാം സത്യമാണ്. ഈ ചാറ്റുകളെല്ലാം മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു. അറസ്റ്റിലായ ബാഷിത്തില്‍ നിന്ന് സഹോദരന്‍ മയക്കുമരുന്ന് വാങ്ങിയിരുന്നത് അറിയാമെന്നും ഇയാള്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

അതേസമയം, റിയ ചക്രവര്‍ത്തി ഞായറാഴ്ച ഏറെ വൈകിയാണ് ഹാജരായതെന്നും അതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കാനായില്ലെന്നും എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെഡെ മാധ്യമങ്ങളോട് പറഞ്ഞു. റിയയോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait