ബ്ലാക്ക്പാന്തര്‍ സിനിമയിലെ നായകന്‍ ചാഡ്വിക് ബോസ്മാന്‍ ഓര്‍മയായി 

Published on 29 August 2020 12:02 pm IST

ലോസ് ആഞ്ജലിസ്: പ്രശസ്ത ഹോളിവുഡ് നടനും ബ്ലാക്ക് പാന്തര്‍ സിനിമയിലെ നായകനുമായ ചാഡ്വിക് ബോസ്മാന്‍ (43) അന്തരിച്ചു. ലോസ് ആഞ്ജലിസിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുടലിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 43 വയസായിരുന്നു. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് സൂപ്പര്‍ ഹീറോയായ ബ്ലാക്ക് പാന്തറിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് ചാഡ്വിക് ബോസ്മാന്‍ ആണ്. നാല് വര്‍ഷം മുന്‍പാണ് ചാഡ്വിക് ബോസ്മാന് കോളന്‍ കാന്‍സര്‍ സ്ഥിരീകരിച്ചതെന്ന് കുടുംബം വ്യക്തമാക്കി. ഇദ്ദേഹം തന്റെ കാന്‍സര്‍ ബാധയെക്കുറിച്ച് പൊതു സമൂഹത്തിനോട് പറഞ്ഞിരുന്നില്ല.

ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാന്‍ 2016-ലെ ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെയാണ് താരമായി ഉയരുന്നത്. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്‌സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം തുടങ്ങി നിരവധി സിനിമകളില്‍ കാന്‍സര്‍ ബാധിതനായിരിക്കെ അഭിനയിച്ചു. കൂടാതെ ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായി. തുടര്‍ച്ചയായി സര്‍ജറികള്‍ക്കും കീമോ തെറാപ്പിക്കും ഇടയിലാണ് ഇദ്ദേഹം സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണെന്ന് കുടുംബം. ചാഡ്വിക് യഥാര്‍ത്ഥ പോരാളിയായിരുന്നെന്നും സ്ഥിരോത്സാഹിയായിരുന്നുവെന്നും കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait