നടനും എഴുത്തുകാരനുമായ രവി വള്ളത്തോള്‍ അന്തരിച്ചു

Published on 25 April 2020 3:01 pm IST

സിനിമയിലും സീരിയലുകളിലും ഒരുപോലെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത നടന്‍ രവി വള്ളത്തോള്‍ (68) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എഴുത്തുകാരനെന്ന നിലയിലും രവി വള്ളത്തോള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

ഗാന രചയിതാവായിട്ടായിരുന്നു രവി വള്ളത്തോള്‍ സിനിമയുടെ ഭാഗമാകുന്നത്. 1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് താഴ്‌വരയില്‍ മഞ്ഞു പെയ്തു എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥയും രവി വള്ളത്തോളിന്റേതാണ്. 1986-ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന സീരിയിലിലൂടെ നടനാണ്. രവി വള്ളത്തോളിന്റെ അച്ഛന്‍ ടി.എന്‍ ഗോപിനാഥന്‍ നായരാണ് വൈതരണിയുടെ തിരക്കഥ എഴുതിയിരുന്നത്. തുടര്‍ന്ന് സീരിയലുകളിലെ നിരവധി കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി. 

1987-ല്‍ സ്വാതിതിരുന്നാള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും നടനായി എത്തി. മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ് ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മീഷണര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടു
ണ്ട്. 25 ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തിരവനാണ്. ഗീതാലക്ഷ്മിയാണ് ഭാര്യ.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait