തെയ്യത്തിന്റെ 'ഉരിയാട്ടി'ന് തിയേറ്ററുകളില്‍ നിറഞ്ഞ സ്വീകരണം

Published on 18 February 2020 2:10 pm IST

കണ്ണൂര്‍: മലബാറിന്റെ മനസ്സാവാഹിച്ച തെയ്യ ചരിത്രത്തിലെ പലന്തായി കണ്ണന്റെ കഥയാവിഷ്‌കരിക്കുന്ന 'ഉരിയാട്ട്' ചലച്ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. നീലേശ്വരത്തെ തെയ്യത്തെ മനസ്സിലേറ്റുന്ന നാല്‍പ്പതോളം പേര്‍ ചേര്‍ന്നു നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രം തെയ്യങ്ങളുടെ ചരിത്രത്തിലെ അപൂര്‍വ്വമായൊരു മിത്തിനെയാണ് പുനരാവിഷ്‌കരിക്കുന്നത്. കാവുകളുടെയും തെയ്യങ്ങളുടെയും പാരിസ്ഥിതികമായ സമകാലിക പ്രസക്തി കൂടിയാണ് ഉരിയാട്ട് ഉരിയാടുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കാസര്‍കോടിന്റെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്തു നിന്നും പിറവിയെടുത്ത സിനിമ വടക്കന്‍ മണ്ണില്‍ കെട്ടിയാടുന്ന വിഷ്ണുമൂര്‍ത്തി പരദേവതയുടെ ചരിത്ര പശ്ചാത്തലമാണ് പ്രേക്ഷകരോട് സംവദിക്കുന്നത്. വരവിളിത്തോറ്റങ്ങളിലൂടെ ദേവതയെ ആവാഹിച്ച് പരകായപ്രവേശം ചെയ്തുറഞ്ഞാടുന്ന ദൈവരൂപം അഭ്രപാളിയില്‍ ദൃശ്യാനുഭവത്തിന്റെ പുതുമ ചേര്‍ക്കുന്നു. ജന്മിത്താഹന്തയുടെ മൂടുപടം ചിന്തിയെറിഞ്ഞ് ഇടിവാള്‍ പോലെ പെയ്തിറങ്ങിയ പലതായി കണ്ണന്റെ ചരിതം കയ്യടി നേടി മുന്നേറുമ്പോള്‍ ഇതിലെ ഗാനങ്ങളും വേറിട്ട അനുഭവതാളമാകുന്നു. പ്ലേ ആന്റ് പിക്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഭരതന്‍ നീലേശ്വരമാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതരായ രമേഷ് പുല്ലാപ്പള്ളി, അജിത് സായി എന്നിവരുടെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി, സുദര്‍ശന്‍ പയ്യന്നൂര്‍ എന്നിവര്‍ സംഗീതം നല്‍കി. സന്തോഷ് സരസ്, ആശിഷ് വിദ്യാര്‍ത്ഥി, ശ്രീജിത് രവി, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, ചെമ്പില്‍ അശോകന്‍ തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം പ്രകൃതിയും മനുഷ്യരുമായുള്ള അഗാധ ബന്ധത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നുവെന്ന് നീലേശ്വരത്തെ ചലച്ചിത്രക്കൂട്ടായ്മ പറഞ്ഞു. ഭരതന്‍ നീലേശ്വരം, ടെന്‍സി വര്‍ഗ്ഗീസ്, വി. അനില്‍ കുമാര്‍, കെ.കുഞ്ഞിക്കണ്ണന്‍, രാജേന്ദ്രന്‍ തായാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരവിന്ദന്‍ കണ്ണൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait