ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് നിര്‍മാതാക്കള്‍ 

Published on 29 January 2020 3:32 pm IST

കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് നിര്‍മാതാക്കള്‍. ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതിയില്‍ തീരുമാനമായി. അതേസമയം വിഷയത്തില്‍ താര സംഘടനയായ അമ്മയുമായി തുടര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ അമ്മയും നിര്‍മാതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഷെയ്നിന്റെ വിലക്ക് പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് നിര്‍മാതാക്കള്‍. ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഇന്ന് ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗം നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'ഉല്ലാസം' സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും 'വെയില്‍', 'കുര്‍ബാനി' സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നിരവധി തവണ ഇടപെട്ടിരുന്നു.

നഷ്ടപരിഹാരം നല്‍കികൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന ശക്തമായ നിലപാടാണ് ചര്‍ച്ചയില്‍ താര സംഘടനയായ അമ്മ സ്വീകരിച്ചത്. ഒരു കോടി കിട്ടാതെ ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait