നിര്‍മ്മാതാക്കളോട് മാപ്പ് ചോദിച്ച് നടന്‍ ഷെയ്ന്‍ നിഗം

Published on 27 December 2019 4:47 pm IST

കൊച്ചി: പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കള്‍ക്ക് കത്ത് നല്‍കി. താര സംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്ത് നല്‍കിയത്. 

നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതിനാണ് മാപ്പ് അപേക്ഷിച്ചത്. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനഃപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നും ഷെയിന്‍ കത്തില്‍ പറയുന്നു. ഷെയിന്‍ അയച്ച കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം. രഞ്ജിത്ത് വ്യക്തമാക്കി. അതേസമയം, ഷെയ്ന്‍ കത്ത് നല്‍കിയാലും കേസിലെ തുടര്‍നടപടികള്‍ ഉടനുണ്ടാവില്ലെന്നാണ് സൂചന. ജനുവരിയില്‍ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ നടക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമേ ഷെയ്ന്‍ വിഷയത്തില്‍ ഭാവിനടപടികള്‍ എന്തെന്ന് വ്യക്തമാവൂ. 

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം വിവാദ പരാമര്‍ശം നടത്തിയത്. ഷെയ്‌നുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ താര സംഘടനയായ അമ്മയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഷെയ്‌ന്റെ  പരാമര്‍ശം. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി താരം സിനിമകളിലൊന്നും അഭിനയിക്കുന്നില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait