ഹിറ്റടിച്ച് ആനവണ്ടി ഉല്ലാസയാത്ര

കഴിഞ്ഞ വര്‍ഷം വരെ കെ.എസ്.ആര്‍.ടി.സിയെ ദീര്‍ഘ, ഹൃസ്വ ദൂര യാത്രയ്ക്ക് വേണ്ടി മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുന്നൂറോളം ട്രിപ്പുകളില്‍ നിന്നായി രണ്ടുകോടിയിലേറെ വരുമാനവും നിര്‍ത്താതെയുള്ള ബുക്കിങും വരികയാണ്. മണ്‍സൂണ്‍ ടൂറിസം പാക്കേജിനു പുറമേ നാലമ്പല ദര്‍ശന പക്കേജുമായി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് കെഎസ്ആര്‍ടിസി
LIGESH.V
Published on 09 August 2023 IST

 

കണ്ണൂര്‍: കുണ്ടും കുഴിയുമായി കട്ടപുറത്ത് കിടന്നിരുന്ന പഴയ കെ.എസ്.ആര്‍.ടി.സി അല്ല ഇപ്പോഴത്തെ കെ.എസ്.ആര്‍.ടി.സി. ഇന്നു വിനോദത്തിനും ആനന്ദത്തിനും ഒപ്പം കെ.എസ്.ആര്‍.ടി.സി കുതിച്ചു പായുകയാണ്. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പദ്ധതിയില്‍ കണ്ണൂര്‍ ഡിപ്പോ നേട്ടത്തിന്റെ നെറുകയില്‍. വീണ്ടും വീണ്ടുമെത്തുന്ന സ്ഥിരയാത്രക്കാരാണ് ആനവണ്ടി യാത്രകളെ വിജയിപ്പിക്കുന്നത്. മഴക്കാലമായതോടെ യാത്രാപ്രേമികള്‍ക്ക് മണ്‍സൂണ്‍ സമ്മാനവുമായി കെ.എസ്.ആര്‍.ടി.സി യാത്ര പ്ലാന്‍ ചെയ്തിരുന്നു. ഉല്ലാസയാത്രാ പദ്ധതിയിലേക്ക് മുതിര്‍ന്നവരെപോലെതന്നെ യുവാക്കളെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മണ്‍സൂണ്‍ പാക്കേജുകള്‍ ആവിഷ്‌കരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ജില്ലാ ടൂറിസം സെല്‍.


മുന്നൂറോളം ട്രിപ്പുകള്‍ രണ്ടുകോടി നേട്ടം

കഴിഞ്ഞ വര്‍ഷം വരെ കെ.എസ്.ആര്‍.ടി.സിയെ ദീര്‍ഘ, ഹൃസ്വ ദൂര യാത്രയ്ക്ക് വേണ്ടി മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുന്നൂറോളം ട്രിപ്പുകളില്‍ നിന്നായി രണ്ടുകോടിയിലേറെ വരുമാനവും നിര്‍ത്താതെയുള്ള ബുക്കിങും വരികയാണ്. മണ്‍സൂണ്‍ ടൂറിസം പാക്കേജിനു പുറമേ നാലമ്പല ദര്‍ശന പക്കേജുമായി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് കെഎസ്ആര്‍ടിസി. ആറന്മുള സദ്യയുണ്ണാനും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനും അവസരം നല്‍കുന്ന 'പഞ്ചപാണ്ഡവ ദര്‍ശന തീര്‍ഥാടനയാത്ര'യാണ് കര്‍ക്കിടക മാസവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ഥാടന യാത്ര' എന്ന ടാഗ് ലൈനില്‍ ഈ തീര്‍ഥാടന യാത്ര സംഘടിപ്പിക്കുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂര്‍, തിരുവാറന്‍മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവയാണ് സന്ദര്‍ശനം നടത്തുന്ന പാണ്ഡവ ക്ഷേത്രങ്ങള്‍. ആറന്മുള വള്ളസദ്യയിലെ ചടങ്ങുകള്‍ കാണാനും സദ്യയില്‍ പങ്കെടുക്കാനും അവസരമുണ്ട്. ആറന്മുള കണ്ണാടിയുടെ നിര്‍മാണം കാണാനും അവസരം ഒരുക്കും. കണ്ണൂരില്‍ നിന്നു പുറപ്പെട്ടു വൈക്കം ക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. രണ്ടാമത്തെ ദിവസം പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനവും വള്ളസദ്യയിലും പങ്കെടുത്തു വൈകുന്നേരം കണ്ണൂരിലേക്ക് മടങ്ങും.

മണ്‍സൂണ്‍ സമ്മാനവുമായി കെ.എസ്.ആര്‍.ടി.സി

മഴക്കാലമായതോടെ യാത്രാപ്രേമികള്‍ക്ക് മണ്‍സൂണ്‍ സമ്മാനവുമായി കെ.എസ്.ആര്‍.ടി.സി യാത്ര പ്ലാന്‍ ചെയ്തിരുന്നു. ഉല്ലാസയാത്രാ പദ്ധതിയിലേക്ക് മുതിര്‍ന്നവരെപോലെതന്നെ യുവാക്കളെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മണ്‍സൂണ്‍ പാക്കേജുകള്‍ ആവിഷ്‌കരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ജില്ലാ ടൂറിസം സെല്‍.


വയനാട് ടൂര്‍ പാക്കേജിലൂടെ തുടക്കം

കുറഞ്ഞ ചെലവില്‍ യാത്ര ഒരുക്കുകയെന്ന ലക്ഷ്യത്തോടെ2022 ഫെബ്രുവരിയില്‍ വയനാട് ടൂര്‍ പാക്കേജിലൂടെയാണ് ജില്ലയില്‍ ആനവണ്ടി ഉല്ലാസയാത്രകള്‍ക്ക് തുടക്കമായത്. ഇപ്പോള്‍ ശരാശരി 10 യാത്രകളോളം ഓരോ മാസവും നടത്താറുണ്ട്. ഇതുവരെയായി 85000ത്തിലധികം പേര്‍ ഉല്ലാസയാത്രകളില്‍ പങ്കെടുക്കുകയും ചെയ്തു. വീണ്ടും വീണ്ടുമെത്തുന്ന സ്ഥിരയാത്രക്കാരാണ് ആനവണ്ടി യാത്രകളെ വിജയിപ്പിക്കുന്നത്. വാഗമണ്‍-കുമരകം, മൂന്നാര്‍, എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലേക്കും യാത്രയുണ്ട്. തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര്, ബാണാസുര സാഗര്‍ ഡാം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ്, പൂക്കോട് തടാകം, ചങ്ങലമരം, ടീപ്ലാന്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളൊക്കെ ഇതിനകം പാക്കേജ് ടൂറിസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ ടൂറിസ വികസനത്തിന് പൈതല്‍മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ മൂന്നു സ്ഥലങ്ങളിലേക്കും ഭക്ഷണമടക്കം യാത്ര ഒരുക്കുന്നുണ്ട്. കാസര്‍കോട് ജില്ലാ ടൂറിസ വികസനത്തിനായി റാണിപുരം, ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ ബീച്ച് എന്നിവിടങ്ങളിലും ഭക്ഷണം ഉള്‍പ്പെടെയുള്ള യാത്രയാണ് ഒരുക്കുന്നത്.


വയനാട് യാത്ര

രാവിലെ ആറിന് കണ്ണൂരില്‍ നിന്ന് പുറപ്പെടും. കൂത്തുപറമ്പ്, പാനൂര്‍, കുറ്റ്യാടി വഴി താമരശേരി ചുരത്തിലൂടെയാണ് യാത്ര. ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടെ ഒരാള്‍ക്ക് 1180 രൂപയാണ് നിരക്ക്. എല്ലാ ബുധനാഴ്ചയും യാത്ര ഉണ്ടാകും.
വയനാട് (പാക്കേജ് രണ്ട്) സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാര്‍ക്ക്, കാനനസവാരി എന്നിവ ഉള്‍പ്പെടുത്തിയ പാക്കേജ്. ഒരാള്‍ക്ക് 2350 രൂപ. സെമി സ്ലീപ്പര്‍ സൂപ്പര്‍ എക്സ്പ്രസ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. രാവിലെ 5.45ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. പിറ്റേന്ന് പുലര്‍ച്ചെ മൂന്നിന് കണ്ണൂരില്‍ തിരിച്ചെത്തും.

കാസര്‍കോട് യാത്ര

റാണിപുരം ഹില്‍സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. പുലര്‍ച്ചെ 5.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.30ഓടെ തിരിച്ചെത്തും. ഭക്ഷണവും പ്രവേശനനിരക്കും ഉള്‍പ്പെടെ ഒരാള്‍ക്ക് 920 രൂപയാണ് തുക.


കണ്ണൂര്‍ യാത്ര
പൈതല്‍മല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടെ ഒരാള്‍ക്ക് 830 രൂപയാണ് ചാര്‍ജ്. രാവിലെ ആറിന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരില്‍ തിരിച്ചെത്തും.


മൂന്നാര്‍, വാഗമണ്‍

മൂന്നാര്‍ ചതുരംഗപാറ വ്യൂപോയിന്റ്, പൊന്മുടി ഡാം, ആനയിറങ്ങല്‍ ഡാം, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ ഇടങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടും. വാഗമണ്‍ പൈന്‍വാലി ഫോറസ്റ്റ്, അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയവയും ക്യാംപ് ഫയറും പാക്കേജില്‍ ഉള്‍പ്പെടും. ഭക്ഷണവും താമസവും ഉള്‍പ്പെടെ ഒരാള്‍ക്ക് 4100 രൂപയാണ് നിരക്ക്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കുന്നത്.


നിങ്ങള്‍ക്കും പോകാം....

കണ്ണൂര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി. മനോജ് കുമാര്‍, ടൂറിസം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ജെ. റോയി, ഡിപ്പോ കോഓര്‍ഡിനേറ്റര്‍ കെ.ആര്‍. തന്‍സീര്‍ എന്നിവരാണ് ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പരിശീലനം ലഭിച്ച ടൂര്‍ ഗൈഡുമാരുടെ സേവനം കെ.എസ്.ആര്‍.ടി.സി. ഉല്ലാസയാത്രകള്‍ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496131288, 8089463675.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait