യാത്രക്കാരുടെ കഴുത്തറുക്കല്‍ കൂടുമ്പോള്‍

കുടുംബങ്ങളുമായി ടിക്കറ്റെടുത്തു യാത്ര മുടങ്ങിയ പ്രവാസികള്‍ ഇതോടെ ആശങ്കയിലാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്ന ചെറിയ സ്നാക്സ് ബോക്സ് കൂടി നിര്‍ത്തലാക്കിയതോടെ യാത്ര ദുരിതമാണ്.
Published on 04 August 2023 IST

വിദേശത്തും സ്വദേശത്തുമായുള്ള മലയാളികള്‍ക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം കൂടുംന്തോറും ടിക്കറ്റ് നിരക്കിലൂടെയും കഴുത്തറപ്പ് കൂടുകയാണ്. ഇതിനിടയില്‍ യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ പോലും വെട്ടിചുരുക്കുന്ന ഘട്ടത്തിലാണ് പല എയര്‍ ഇന്ത്യ കമ്പനികളും. മലയാളികള്‍ ആശ്രയിക്കുന്ന റെയില്‍വേ ആണെങ്കില്‍ കൂടുതല്‍ ട്രെയിനുകളോ റിസര്‍വേഷന്‍ സംവിധാനവും അനുവദിക്കാതിരിക്കുകയാണ്. പ്രവാസികള്‍ അവധി കഴിഞ്ഞു മടങ്ങുവാനായിട്ടും എയര്‍ടിക്കറ്റ് നിരക്കില്‍ കുറവില്ല. ജൂലൈ അവസാന ആഴ്ചയിലും ആഗസ്ത് ആദ്യ വാരത്തിലും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളില്‍ നിന്ന് ഒമാനിലെ മസ്‌ക്കറ്റിലേക്ക് ചുരുങ്ങിയ നിരക്ക് 25000 രൂപ മുതല്‍ മുകളിലേക്കാണ്.കൂടിയ നിരക്കായതിനാല്‍ വേനലവധിക്ക് നാട്ടില്‍ എത്തിയവര്‍ മിക്കവരും മടക്ക ടിക്കറ്റ് എടുക്കാതെയാണ് നാട്ടിലെത്തിയത്. തിരിച്ചുപോകുമ്പോളെക്കും ടിക്കറ്റ് നിരക്കില്‍ കറവു വരുമെന്ന പ്രതീക്ഷയാണ് ഇതോടെ തെറ്റിയത്. രണ്ടുകുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാന്‍ ഒരുലക്ഷം രൂപ ടിക്കറ്റ് ഇനത്തില്‍ മാത്രം ചിലവഴിക്കണം. കൂടെ പ്രായമായ മാതാപിതാക്കള്‍ കൂടിയുണ്ടെങ്കില്‍ ടിക്കറ്റ് നിരക്ക്  വര്‍ധിക്കും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഒഴികെ മറ്റു വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാന താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ അനുവദി നല്‍കാത്തതില്‍ മലബാര്‍ മേഖലയിലുള്ള യാത്രക്കാര്‍ വളരെ പ്രയാസം അനുഭവിക്കയാണ്. ഈ മേഖലയില്‍ ഉള്ളവര്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനെയാണ്  ആശ്രയിക്കുന്നത്. പകല്‍ സമയം എയര്‍പോര്‍ട്ടിന്റെ റണ്‍വെ നവീകരണം നടക്കുന്നതിനാല്‍  രാത്രിയും വെളുപ്പിനുമാണ് മിക്ക സര്‍വീസുകളും  കോഴിക്കോട്ടെയ്ക്കും തിരിച്ചും യാത്ര നടത്തുന്നത്.
അതുകൊണ്ട് തന്നെ കുട്ടികളുമായുള്ള എയര്‍ പോര്‍ട്ടിലേക്കുള്ള രാത്രി യാത്രയും പ്രയാസമായിരിക്കുകയാണ്. സര്‍വീസ് നിര്‍ത്തലാക്കിയ ഗോ ഫസ്റ്റ് വിമാനം സെപ്റ്റംബറില്‍ സര്‍വീസ് പുനരാരംഭിക്കും എന്ന്  പറയുന്നുണ്ടെങ്കില്‍ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. നാല് മാസം മുന്‍പ് നിര്‍ത്തലാക്കിയ വിമാന ടിക്കറ്റ് കാശ് ഇതുവരെ വിമാന കമ്പനി തിരിച്ചു നല്‍കിയിട്ടില്ല. കുടുംബങ്ങളുമായി ടിക്കറ്റെടുത്തു യാത്ര മുടങ്ങിയ പ്രവാസികള്‍ ഇതോടെ ആശങ്കയിലാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്ന ചെറിയ സ്നാക്സ് ബോക്സ് കൂടി നിര്‍ത്തലാക്കിയതോടെ യാത്ര ദുരിതമാണ്. യുറോപ്യന്‍ നാടുകളിലേക്ക് ആര്‍ഭാഢമായി യാത്ര ചെയ്യാനുള്ള തുകയില്‍ കൂടുതല്‍ നല്‍കിയാണ് മൂന്നര മണിക്കൂര്‍ യാത്രസമയമുള്ള  യാത്ര പ്രവാസികള്‍ക്ക് നല്‍കുന്നത്. ഓണത്തിന് കണ്ണൂരിലെത്താന്‍ ഇത്തവണയും ട്രെയിനില്‍ ടിക്കറ്റില്ല. ഓണത്തിന് നാലാഴ്ചയോളം ഇനിയുമുണ്ടെങ്കിലും പ്രധാന നഗരങ്ങളില്‍ നിന്നുള്ള ട്രെയിനുകളിലൊന്നും റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബാക്കിയില്ല. ബെംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങി രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പതിനായിരക്കണക്കിനു കണ്ണൂര്‍ സ്വദേശികളുണ്ട്. സമയനഷ്ടമില്ലാതെ വീട്ടിലെത്താന്‍ സാധിക്കുന്ന ട്രെയിനുകളിലെ സ്ലീപ്പര്‍, എസി കോച്ചുകളിലെല്ലാം ആഴ്ചകള്‍ക്കു മുന്‍പേ വെയ്റ്റിങ് ലിസ്റ്റാണ്. ഓണത്തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകളില്‍ ഒന്നു മാത്രമാണു മലബാറുകാര്‍ക്ക് പ്രയോജനപ്പെടുന്നത്. ഓഗസ്റ്റ് 22, 29, സെപ്റ്റംബര്‍ 5 തീയതികളില്‍ സര്‍വീസ് നടത്തുന്ന താംബരം  മംഗളൂരു എക്സ്പ്രസ്. സ്പെഷല്‍ ഫെയര്‍ എക്സ്പ്രസായാണ് ഓടുന്നത് എന്നതു കൊണ്ട് ടിക്കറ്റിന് ഇരട്ടിയിലേറെ നിരക്ക് കൊടുക്കേണ്ടിയും വരും. മറ്റു സോണുകളും ഒറ്റപ്പെട്ട സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വടക്കേ മലബാറുകാര്‍. എന്നാല്‍ ഓണത്തിനു വീട്ടിലെത്തുന്നവരെ പിഴിയുന്ന റെയില്‍വേ നയം തിരുത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.ഓഗസ്റ്റ് 26ന് യശ്വന്ത്പുരയില്‍ നിന്നു കണ്ണൂരിലേക്കുള്ള എക്സ്പ്രസില്‍ 90 സ്ലീപ്പറില്‍ വെയ്റ്റിങ് ലിസ്റ്റ് ഇരുന്നൂറിനു മുകളിലാണ്. 27ന് നൂറിനു മുകളിലും. ത്രീ ടയര്‍, ടു ടയര്‍ എസി കോച്ചുകളിലും ടിക്കറ്റില്ല. ചെന്നൈയില്‍ നിന്നുള്ള യാത്രയ്ക്ക് മംഗളൂരു എക്സ്പ്രസ്, മംഗളൂരു മെയില്‍, വെസ്റ്റ് കോസ്റ്റ് എന്നിവയിലെല്ലാം 26ന് വെയ്റ്റിങ് ലിസ്റ്റാണ്. രാത്രി പുറപ്പെട്ട് 17 മണിക്കൂറിലേറെ സമയമെടുത്ത് പിറ്റേന്നു വൈകിട്ട് കണ്ണൂരില്‍ എത്തുന്ന ചെന്നൈ എഗ്മോര്‍ മംഗളൂരു എക്സ്പ്രസില്‍ മാത്രമാണ് സീറ്റുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള യാത്രയ്ക്ക് മംഗളയില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ സെപ്റ്റംബര്‍ അവസാനമാകണം. മുംബൈ മലയാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അധിക നിരക്ക് നല്‍കേണ്ട ജബല്‍പുര്‍  കോയമ്പത്തൂര്‍ സ്പെഷല്‍ ട്രെയിനില്‍ മാത്രമാണ് മുംബൈയില്‍ നിന്നു കണ്ണൂരിലേക്ക് ടിക്കറ്റ് ബാക്കിയുള്ളത്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait