പരാതിക്ക് പരിഹാരമില്ലാത്ത ദേശീയപാത നിര്‍മാണം

ഈ പൊതു ആവശ്യത്തിനായി നിരന്തരം ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും ഫലമില്ലാതായപ്പോഴാണ് നാട്ടുകാര്‍ തന്നെ പന്തല്‍കെട്ടി സമരത്തിനിറങ്ങിയത്. എന്നാല്‍ ദേശീയപാത നിര്‍മാണം തടസപ്പെടുത്തിയെന്ന പരാതിയില്‍ 50 പേര്‍ക്കെതിരെ എടക്കാട് പോലിസ് കേസെടുത്തു
Published on 22 August 2023 IST

ദേശീയപാത പ്രവര്‍ത്തി തകൃതിയായി നടക്കുകയാണ്. എങ്ങും മണ്ണും മണലും കുഴിയും പൊടിയും പാറി പറക്കുകയാണ്. ഇതിനിടയിലെയുള്ള യാത്ര ദിനംപ്രതി ദുസഹമായി കൊണ്ടിരിക്കുകയാണ്. മതിയായ മുന്‍കരുതലുകളെടുക്കാതെയും ശാസ്ത്രീയ സംവിധാനങ്ങളില്ലാതെയുമാണ് ദേശീയപാത പ്രവര്‍ത്തിയെന്ന ആരോപണത്തിന് ഇതുവരെയും പരിഹാരമായില്ല. അങ്ങിങ്ങായി സമര പന്തല്‍, നിരന്തരം ആവശ്യങ്ങള്‍, യാത്രാ പ്രശ്‌നം ഇങ്ങനെ തുടരുകയാണ്. കേരളത്തിന്റെ പശ്ചാത്തല വികസനരംഗത്ത് അതുല്യമായ മുന്നേറ്റം ഉണ്ടാക്കുന്ന ഒരു പദ്ധതിയാണ് ദേശീയ പാത വികസനം. എന്നാല്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുമ്പോള്‍ അധികാരികള്‍ ജനപ്രതിനിധികളുമായോ പ്രാദേശിക ഭരണകൂടമായോ കൂടിയാലോചന നടത്താതെയുള്ള പ്രവൃത്തിയാണ് പലയിടങ്ങളിലും നടക്കുന്നതെന്ന പരാതിയും അന്നും ഇന്നും ഉയരുകയാണ്. കഴിഞ്ഞ ദിവസമാണ് മുഴപ്പിലങ്ങാടുള്ള പ്രതിഷേധ സമരക്കാര്‍ക്കു നേരെ പോലിസിന്റെ പ്രയോഗമുണ്ടായത്. ദേശീയ പാത 66-ല്‍ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠം ജംഗ്ഷനില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തുന്ന പ്രതിഷേധസമരത്തിന് നേരെയാണ് പോലിസ് രംഗത്തെത്തിയത്. പ്രതിഷേധിച്ചവരെ എടക്കാട് പോലിസ് അറസ്റ്റ് ചെയ്തുനീക്കി. തറനിരപ്പില്‍ നിന്ന് ഉയര്‍ത്തി നിര്‍മിക്കുന്ന ദേശീയപാത മഠം പ്രദേശത്തിന്റെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളെ വിഭജിക്കും.അതുകൊണ്ട് മഠം ജംഗ്ഷനില്‍ ദേശീയപാതയ്ക്കടിയിലൂടെ ചെറിയ നടപ്പാതയെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പടിഞ്ഞാറ് തീരദേശത്തുള്ള കുട്ടികള്‍ മുഴുവന്‍ പഠിക്കുന്നത് കിഴക്കുഭാഗത്തുള്ള മുഴപ്പിലങ്ങാട് എല്‍പി സ്‌കൂളിലാണ്. മഠം കോളനി, തറവാട് അഗതിമന്ദിരം, ഡയാലിസിസ് സെന്റര്‍ എന്നിവയും കിഴക്കു വശത്താണുള്ളത്. ദേശീയ പാത നിര്‍മാണം പൂര്‍ത്തിയായാല്‍ മഠത്തിന്റെ പടിഞ്ഞാറും കിഴക്കും എത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുമെന്ന് നാട്ടുകാര്‍ പറയുന്നത്. ചെറിയ അടിപ്പാതയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ദേശീയപാത വിഭാഗം ഓഫീസ് ഉപരോധിച്ചിരുന്നു. എന്നാല്‍ അതില്‍ അധികൃതര്‍ വ്യക്തമായ മറുപടി പറയാത്തതിനെ തുടര്‍ന്നാണ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ തമ്പടിച്ചത്. ഈ പൊതു ആവശ്യത്തിനായി നിരന്തരം ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും ഫലമില്ലാതായപ്പോഴാണ് നാട്ടുകാര്‍ തന്നെ പന്തല്‍കെട്ടി സമരത്തിനിറങ്ങിയത്. എന്നാല്‍ ദേശീയപാത നിര്‍മാണം തടസപ്പെടുത്തിയെന്ന പരാതിയില്‍ 50 പേര്‍ക്കെതിരെ എടക്കാട് പോലിസ് കേസെടുത്തു. അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മാണം തടസപ്പെടുത്തിയിരുന്നു. വികസനം ഒരു നാടിനെ പല തരത്തിലാണ് ബാധിക്കുക. വികസനത്തിന് എതിര്‍ക്കുന്നവരല്ല പലരും. അവരുടെ ജീവിതത്തിലേക്ക് ഇടിത്തി പോലെ വന്നു പോകുന്ന പല വികസന പ്രവര്‍ത്തികള്‍ക്കെതിരെയും നിരന്തരം ശബ്ദമുയര്‍ത്താതെ വഴിയില്ല. അത്തരത്തില്‍ ദേശീയ പാത വികസനത്തില്‍ ഒരു പ്രദേശത്തെ ജനതക്ക് വലിയ പ്രയാസങ്ങളാണുണ്ടാകുന്നത്. വെള്ളൂര്‍ എന്ന കൊച്ചു ഗ്രാമത്തെ നടുകെ പിളര്‍ന്നാണ് ദേശീയ പാത കടന്നുപോകുന്നത്. സവിശേഷമായ കൂട്ടായ്മയും സാംസ്‌കാരിക ജീവിതവും പുലര്‍ത്തുന്ന ഒരു ഗ്രാമമാണ് വെള്ളൂര്‍.നിത്യ ജീവിതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം ദേശീയപാതക്കിരുഭാഗത്തുമായാണ് സ്ഥിതിചെയ്യുന്നത്. ഇതു കൊണ്ടു തന്നെ റോഡ് മുറിച്ചുകടക്കാന്‍ ആവശ്യത്തിന് അടിപ്പാത കൂടിയേ തീരൂ എന്നാല്‍ കോത്തായിമുക്കിനും ഓണക്കുന്നിനും ഇടയില്‍ വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് മുന്നില്‍ മാത്രമാണ് പദ്ധതി പ്രകാരം അടിപ്പാത നിര്‍മ്മിക്കുന്നത്.നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ക്ക് മൗനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റി ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ജൂണ്‍ 22നു പ്രതിഷേധ കൂട്ടായ്മയും 23 മുതല്‍ ബേങ്ക് സ്റ്റോപ്പിന് സമീപം നിര്‍മ്മാണ പ്രവൃത്തി തടസപ്പെടുത്തി അനിശ്ചിതകാല സമരം നടത്തുകയാണ്. സമരം ഒന്നരമാസം പിന്നിട്ടു. ഇതിനിടയില്‍ കല്യാശേരിക്കാര്‍ക്ക് മാത്രമാണ് ആശ്വാസമുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശേരിയില്‍ പുതിയ അടിപ്പാത നിര്‍മാണത്തിന് അനുമതി ലഭിച്ചതോടെ മറ്റുള്ളവരും ആ പ്രതീക്ഷയിലാണ്. മൂന്നു മീറ്റര്‍ നീളവും 2.5 മീറ്റര്‍ ഉയരവുമുള്ള അടിപ്പാതയാണ് കെവി റോഡിനു സമാനമായി നിര്‍മിക്കുന്നത്. ദേശീയപാതയുടെ പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരുടെ മുന്നിലുള്ളത് ഇനി ഒരുവര്‍ഷം മാത്രമാണ്. അതിനാല്‍ അടിപ്പാത അടക്കമുള്ളവയുടെ നിര്‍മാണത്തിന് വേഗം കുൂട്ടുകയാണ്. അതി തീവ്രമഴയില്‍ പലയിടങ്ങളിലും പ്രവര്‍ത്തി നിര്‍ത്തിവച്ചതായിരുന്നു. മഴ കുറഞ്ഞതോടെ മുഴുവന്‍ തൊഴിലാളികളും നിര്‍മാണമേഖലയില്‍ തിരിച്ചെത്തി. സര്‍വീസ് റോഡ്, നാലുവരിപ്പാത എന്നിവയുടെ പണിയിലാണ് കൂടുതല്‍ ശ്രദ്ധ. ജില്ലയിലെ രണ്ട് റീച്ചുകളില്‍ 50 ശതമാനം പണിപോലും പൂര്‍ത്തിയായിട്ടില്ല. മിക്കയിടങ്ങളിലും സര്‍വീസ് റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ചില ഇടങ്ങളില്‍ ഗതാഗതത്തിന് തുറന്നു നല്‍കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സര്‍വീസ് റോഡ് അടച്ചിട്ട് ദേശീയപാതയിലൂടെയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. വളപട്ടണം പാലത്തിന്റെ നിര്‍മാണമാണ് മുന്നിലുള്ള പ്രധാന പ്രതിസന്ധി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait