ചന്ദ്രനെ തൊടാനുള്ള കാത്തിരിപ്പില്‍ ഇന്ത്യ

ശാസ്ത്ര ലോകം ആകാംക്ഷയോടെ നോക്കി കണ്ടിരുന്ന രണ്ടു ദൗത്യങ്ങളില്‍ ഒന്നാണ് വിഫലമായിരിക്കുന്നത്. ഇനി ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് ചാന്ദ്രയാന്‍ 3ന്റെ യാത്ര നിര്‍ണായക ദിനങ്ങളിലേക്കാണ് കടക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍. 2008 ഒക്ടോബര്‍ 22 നായിരുന്നു ആദ്യ ചന്ദ്രയാന്‍ ദൗത്യ വിക്ഷേപണം
Published on 21 August 2023 IST

ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹിരാകാശ പേടകമായ 'ലൂണ 25' തകര്‍ന്നതായാണ് സ്ഥിരീകരണം. ശാസ്ത്ര ലോകം ആകാംക്ഷയോടെ നോക്കി കണ്ടിരുന്ന രണ്ടു ദൗത്യങ്ങളില്‍ ഒന്നാണ് വിഫലമായിരിക്കുന്നത്. ഇനി ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് ചാന്ദ്രയാന്‍ 3ന്റെ യാത്ര നിര്‍ണായക ദിനങ്ങളിലേക്കാണ് കടക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍. 2008 ഒക്ടോബര്‍ 22 നായിരുന്നു ആദ്യ ചന്ദ്രയാന്‍ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ല്‍ രണ്ടാമത്തെ വിക്ഷേപണവും നടന്നു. പേര് സൂചിപ്പിക്കുമ്പോലെ ചന്ദ്രനിലേക്കുള്ള യാത്രതന്നെയാണ് ചന്ദ്രയാന്‍ ദൗത്യം. ഒരു നാള്‍ ഇന്ത്യന്‍ പൗരന്മാരില്‍ ആരെങ്കിലും ഐഎസ്ആര്‍ഒയുടെ വാഹനത്തില്‍ ചന്ദ്രനിലിറങ്ങുന്ന നാള്‍ വരും. അതിനായുള്ള തയ്യാറെടുപ്പായി ചന്ദ്രയാനെ കാണാം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച റഷ്യയുടെ പേടകമായ 'ലൂണ 25' ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാര്‍ നേരിട്ടതായി അവര്‍ അറിയിച്ചിരുന്നു. 'അസാധാരണ സാഹചര്യം' നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സി ആദ്യം അറിയിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ചാന്ദ്രയാന്‍ 3നു ഒപ്പമോ ചിലപ്പോള്‍ നേരത്തെയോ ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അറിയിച്ചത്. അതേസമയം, ചന്ദ്ര ഗര്‍ത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറില്‍ നടത്താനിരുന്ന വിക്ഷേപണമാണ് 2 വര്‍ഷത്തോളം വൈകി നടന്നത്. ജൂലൈ 14നു ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങള്‍ക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ദൗത്യമെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ഇന്ത്യയുടെ ചന്ദ്രയാന്‍3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടിരുന്നത്. ലൂണ പേടകത്തിന് 800 കിലോയായിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരവുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ചാന്ദ്ര പര്യവേക്ഷണങ്ങള്‍ക്കുള്ള തങ്ങളുടെ സാങ്കേതിക വിദ്യകളുടെ ശേഷി പരിശോധിക്കുകയായിരുന്നു ഐഎസ്ആര്‍ഒ. പാളിച്ചകളില്ലാത്ത ഭാവി ദൗത്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പെന്നും പറയാം. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ചന്ദ്രയാന്‍ 3 യ്ക്കുള്ളത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക. ചന്ദ്രനില്‍ റോവര്‍ ചലിപ്പിക്കുക. ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ആള്‍ട്ടിമീറ്ററുകള്‍, വെലോസിമീറ്ററുകള്‍, ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് സംവിധാനം, പ്രൊപ്പല്‍ഷന്‍ സംവിധാനം, നാവിഗേഷന്‍, ഗൈഡന്‍സ് , കണ്‍ട്രോള്‍ സംവിധാനങ്ങള്‍, അപകടം കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ലാന്‍ഡിംഗ് ലെഗ് മെക്കാനിസം തുടങ്ങി ഏഴോളം സാങ്കേതിക വിദ്യകളാണ് ലാന്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സോഫ്റ്റ് ലാന്‍ഡിങ്ങിന് ഒമ്പതുദിവസം ബാക്കിനില്‍ക്കേ നാലാം പഥം താഴ്ത്തലും കൃത്യമായി പൂര്‍ത്തിയാക്കി. ദീര്‍ഘവൃത്താകൃതിയില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ പഥം വൃത്താകൃതിയിലാക്കുന്ന പ്രവര്‍ത്തനം തുടങ്ങി. തിങ്കള്‍ പകല്‍ 11.30ന് നടത്തിയ ജ്വലനത്തിലൂടെ പേടകം ചന്ദ്രനിലേക്ക് കൂടുതല്‍ അടുത്തു. കൂടിയ ദൂരം 177 കിലോമീറ്ററും കുറഞ്ഞ ദൂരം 150 കിലോമീറ്ററുമായി. 157 കിലോഗ്രാം ഇന്ധനം 17.9 മിനിറ്റ് ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ത്രസ്റ്റര്‍ ജ്വലനം വഴി പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ചന്ദ്രന്റെ പ്രതലത്തിലേക്ക് അടുപ്പിക്കാനായതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചതോടെ പ്രതീക്ഷയോടെയാണ് ഇന്ത്യ. ഈ ദൗത്യം വിജയിക്കുന്നതോടെ ലോക ശാസ്ത്രത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ കൊടി പാറിപറക്കും. ബംഗളൂരുവിലെ നിയന്ത്രണകേന്ദ്രമായ ഇസ്ട്രാക്കില്‍നിന്നുള്ള കമാന്‍ഡുകള്‍ പേടകം കൃത്യതയോടെ സ്വീകരിച്ച് പ്രതികരിക്കുന്നുണ്ട്. ലാന്‍ഡര്‍, റോവര്‍ എന്നിവയിലെ പരീക്ഷണ ഉപകരണങ്ങള്‍, സോഫ്‌റ്റ്വെയര്‍ എന്നിവയുടെ ക്ഷമതാ പരിശോധനയും തുടരുകയാണ്. 3.80 ലക്ഷത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ പേടകം 23ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ഇതിനു മുന്നോടിയായി ബുധനാഴ്ച വീണ്ടും ജ്വലനം നടത്തും. 28 സെക്കന്‍ഡ് മാത്രമുള്ള ഈ ജ്വലനത്തോടെ നൂറുകിലോമീറ്റര്‍ വൃത്തപഥത്തിലേക്ക് പേടകം എത്തും. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ വേര്‍പെടും. 23നു 30 കിലോമീറ്റര്‍ അടുത്തെത്തിയിട്ടാകും സോഫ്റ്റ് ലാന്‍ഡിങ് ഘട്ടം ആരംഭിക്കുക.

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait