കോടതി കയറുന്ന 'ആനവണ്ടി'

130 കോടി സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്‍കാന്‍ സാധിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റിയിരിക്കുകയാണ്.ജൂലൈ മാസത്തെ പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു
Published on 17 August 2023 IST


ഓണത്തിനു മുന്‍പ് ശമ്പളം മുഴുവന്‍ നല്‍കണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ലെന്നാണ് കോടതി പറഞ്ഞത്. ഓരോ തവണയും പ്രതിസന്ധിയെ തരണം ചെയ്യാന്‍ കോടതി കയറേണ്ട അവസ്ഥയാണ് കെഎസ്ആര്‍ടിസിക്ക്. വര്‍ഷത്തില്‍ ബോണസ് നല്‍കാനായാലും മാസത്തില്‍ ശമ്പളം നല്‍കാനായാലും പെന്‍ഷന്‍ വരെ കൃത്യമായി നല്‍കാന്‍ കഴിയാത്ത കാലം എന്ന് മറികടക്കാനാണ്. ജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആര്‍ടിസി നിലനില്‍ക്കുന്നത്.ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത്  കെഎസ്ആര്‍ടിസിയാണെന്ന് കോടതി പറഞ്ഞത്. 130 കോടി സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്‍കാന്‍ സാധിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റിയിരിക്കുകയാണ്.ജൂലൈ മാസത്തെ പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് എത്തിയാലെ സര്‍ക്കാരും കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ കാര്യമായി തലയിടുകയുള്ളു. ഓണക്കാല ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. വേറെയൊന്നും അവരും ചോദിക്കുന്നില്ല. വേറെയൊന്നും ചോദിക്കാന്‍ അവിടെ ഒന്നുമില്ലല്ലോ. കോടതി ഉത്തരവ് പോലും സര്‍ക്കാരും മാനേജ്‌മെന്റും പാലിക്കുന്നില്ലെന്നാണ് എഐടിയുസി കുറ്റപ്പെടുത്തുന്നത്. ഇന്നു കരകയറി നാളെ കരകയറി എന്നിങ്ങനെ പറയുന്നതല്ലാതെ കരകയറിയ കെ.എസ്.ആര്‍.ടി.സിയെ കാണാനുള്ള മോഹമാണ് മലയാളികള്‍ക്ക്. ശമ്പളം ഇടയ്ക്ക് വച്ച് മുടങ്ങുന്നത് ഒഴിച്ചാല്‍ വഴിമുടക്കുന്നതും കട്ടപുറത്താകുന്നതുമായ സ്ഥിരം പരിപാടി ഇപ്പോള്‍ കേള്‍ക്കാത്തത് മാത്രമാണ് നേരിയ ആശ്വാസം. കൂട്ട പിരിച്ചുവിടലിനു ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ വലിയൊരു മാറ്റമാണ് കൈവരിച്ചത്. വിനോദസഞ്ചാര മേഖലയിലേക്കും സീസണ്‍ അനുസരിച്ചുള്ള പ്രത്യേക സര്‍വിസുമായി മലയാളികള്‍ക്ക് വീണ്ടും പ്രിയമായി കൊണ്ടിരിക്കുകയായിരുന്നു ആനവണ്ടി. എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകിയതോടെ വീണ്ടും സങ്കീര്‍ണമായ പ്രവര്‍ത്തനത്തിലേക്കാണ് കടന്നുപോകുന്നത്. ഓണത്തിന് നാട്ടിലെത്താന്‍ ഇതരസംസ്ഥാനത്തുള്ളവര്‍ ആശ്രയിക്കുന്നതു ഇപ്പോഴും സ്വകാര്യ ബസ് തന്നെയാണ്. സ്വകാര്യ ബസ് കൊള്ള തടയാന്‍ കെഎസ്ആര്‍ടിസി ഇത്തവണയെങ്കിലും ഇടപെടുമോയെന്നാണ് യാത്രക്കാരുടെ ചോദ്യം. ട്രെയിനുകള്‍ പലതും കെങ്കേരി പോലെ ദൂര സ്റ്റേഷനുകളില്‍ നിന്നാണ് പുറപ്പെടുന്നത് എന്നതിനാല്‍ മുതിര്‍ന്ന പൗരന്‍മാരും ആകെ ബുദ്ധിമുട്ടിലാണ്. എല്ലാം കൂടി ആലോചിച്ചാല്‍ ഓണത്തിന് നാട്ടില്‍ പോകാത്തതാണ് ഭേദമെന്നാണ് പലരുടെയും പക്ഷം. കര്‍ണാടക ആര്‍ടിസി ഇത്തവണ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ നേരത്തേ ബസുകള്‍ പ്രഖ്യാപിച്ചാല്‍ കെഎസ്ആര്‍ടിസിക്കും നല്ല ലാഭമുണ്ടാക്കാനാകുമായിരുന്നു. ഗതാഗത വകുപ്പിന്റെ ചുമതലയുള്ളതിനാല്‍ സിഎംഡി സ്ഥാനത്തേക്കു മാത്രമായി ഒരാളെ നിയമിക്കണമെന്നാണു ബിജു പ്രഭാകറിന്റെ ആവശ്യം. ജൂലൈയില്‍ 20നു മുന്‍പു ജീവനക്കാര്‍ക്കു ശമ്പളം നല്‍കിയില്ലെങ്കില്‍ സിഎംഡി നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ധനവകുപ്പു പണം കൃത്യമായി അനുവദിക്കാത്തതിനാല്‍ ജൂലൈയിലെ ശമ്പള വിതരണം മുടങ്ങിയിരുന്നു.30 കോടി രൂപയാണു ശമ്പളത്തിനായി ധനവകുപ്പു നല്‍കുന്നത്. ആദ്യഗഡു മാത്രമാണ് ധനവകുപ്പ് നല്‍കിയ തുകയില്‍ നിന്നു വിതരണം ചെയ്യാന്‍ കഴിഞ്ഞത്. സാധാരണ അഞ്ചിനാണ് ആദ്യഗഡു നല്‍കുന്നത്. ധനവകുപ്പു നല്‍കിയ പണം ആദ്യഗഡു നല്‍കാനേ തികയു എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അന്നു പറഞ്ഞത്. ഇതിനിടയില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ബിജുപ്രഭാകറിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. ശമ്പള വിതരണത്തിനു തടസങ്ങളുള്ളതിനാല്‍ സ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകര്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചതും കേരളം കണ്ടതാണ്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ധനവകുപ്പ് അട്ടിമറിക്കുന്നതായാണ് കെഎസ്ആര്‍ടിസി ആരോപണം. ഗതാഗതമന്ത്രിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അഞ്ചിനു മുന്‍പ് ശമ്പളം മുഴുവന്‍ കൊടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. പിന്നീട് ആദ്യ ഗഡു അഞ്ചിനും രണ്ടാമത്തെ ഗഡു 15ന് ഉള്ളിലും നല്‍കാമെന്ന ധാരണയിലെത്തി. ഇതും നടപ്പായില്ല. 225 കോടിരൂപയുടെ വരുമാനം കഴിഞ്ഞമാസം ലഭിച്ചെങ്കിലും സ്ഥാപനത്തിനു ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ശമ്പളം ലഭിച്ചില്ലെങ്കില്‍ ജോലിക്കെത്തില്ലെന്ന നിലപാടിലേക്കു യൂണിയനുകള്‍ എത്തിനില്‍ക്കുമ്പോള്‍ മാത്രമാണ് അനങ്ങാപാറ നയം ഒന്നു മാറ്റിപിടിക്കുകയുള്ളു. സര്‍ക്കാര്‍ ഈ നിലപാടു തുടര്‍ന്നാല്‍ ഓണത്തിനും ശമ്പളം ലഭിക്കില്ലെന്ന് കഴിഞ്ഞ മാസം തന്നെ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നിതാ വീണ്ടും കോടതി ഇടപ്പെടേണ്ട അവസ്ഥ തന്നെ തുടരുകയാണ്.

 

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait