പുതിയ ഇന്ത്യക്കായി ചരിത്രം മായ്ക്കരുത്

ഗാന്ധിയെ ചരിത്രത്തില്‍ നിന്നു ഒഴിവാക്കാനുള്ള ശ്രമം അതി ഭീകരമായികൊണ്ടിരിക്കുന്തോറും ഗാന്ധിയുടെ ചരിത്രം പുതുതലമുറകളിലേക്ക് വിളിച്ചോതി കൊണ്ടിരിക്കും. രാജ്യവും സ്വാതന്ത്ര്യവും പാഠവും പുസ്തകങ്ങളുമൊക്കെ രൂപംകൊണ്ട നാള്‍ മുതല്‍ തലമുറകള്‍ പഠിച്ചു ശീലിച്ച വരികളും വാക്കുകളുമാണ്. ജനാധിപത്യവുമായി ബന്ധപ്പെട്ട ജനകീയസമരങ്ങള്‍, പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ തുടങ്ങിയ പാഠങ്ങളെ എങ്ങനെ നീക്കാനാകും. ജനാധിപത്യത്തിന് മാത്രമല്ല, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കാരണക്കാരായവരെ എങ്ങനെ പുതിയ ഇന്ത്യയില്‍ ഒഴിവാക്കാനാകുക
Published on 14 August 2023 IST

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മധുരം 76ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ ചരിത്രം മായ്ച്ചു കളയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും. അത്തരത്തില്‍ വെട്ടി കളയാനുള്ള ശ്രമമാണ് കേരളം ഇപ്പോള്‍ തടുത്തിരിക്കുന്നത്. എന്തിനാ പാവം ജനാധിപത്യത്തെ പടിക്കുപുറത്താക്കിയത്? അതും പുതിയ ഇന്ത്യക്കായി ഒരുങ്ങുന്ന പുതിയ തലമുറയുടെ പാഠപുസ്തകങ്ങളില്‍ നിന്ന്? എന്‍.സി.ഇ.ആര്‍.ടി.യുടെ തിരഞ്ഞുവെട്ടലിനു കേരളം നിന്നു കൊടുത്തില്ല. പാഠപുസ്തകത്തിലൂടെ പുതുതലമുറകളിലേക്ക് ചരിത്രം പൊള്ളുകയും പൊള്ളിക്കുകയും ചെയ്യുമെന്ന് മനസിലാക്കിയവര്‍ വെട്ടാന്‍ തുനിഞ്ഞ് ഇറങ്ങിയത്. ഗാന്ധിജി, ഗാന്ധിവധം, മൗലാന അബുല്‍ കലാമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, മുഗള്‍ ചരിത്രം, മുസ്ലിം ഭരണാധികാരികള്‍, ഇസ്ലാമിക ചരിത്രം, ഗുജറാത്ത് കലാപം, ആര്‍.എസ്.എസ് നിരോധനം, ആര്‍.എസ്.എസിനെതിരേയുള്ള പരാമര്‍ശങ്ങള്‍, നക്സലൈറ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള വിവരണങ്ങള്‍, ഖലിസ്താന്‍ വിഷയം തുടങ്ങിയവയ്ക്കും ആലോചനാമൃതമായിട്ടായിരുന്നു തടയിട്ടത്. ഈ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകമായിരിക്കണം എന്‍.സി.ഇ.ആര്‍.ടി. സംസ്ഥാനത്ത് ഇറക്കേണ്ടത്, അല്ലെങ്കില്‍ സമാന്തരമായി സംസ്ഥാനം പുസ്തകം പുറത്തിറക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. പല സംസ്ഥാനങ്ങളും ഇതിന് ബദലായി സമാന്തര പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു. കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനരീതി മാറിയെന്നും അതിനാല്‍ പഠനഭാരം കുറയ്ക്കണമെന്നും വ്യാഖ്യാനിച്ചാണ് എന്‍.സി.ഇ.ആര്‍.ടി.യുടെ ഈ തിരഞ്ഞുവെട്ടല്‍ അരങ്ങേറിയത്. അങ്ങനെയെങ്കില്‍ കോവിഡ് വ്യാപനം അപ്രത്യക്ഷമായതിനാല്‍ ലോകം മുഴുവന്‍ പഴയ പഠനരീതിയിലേക്ക് തിരിച്ചുപോയിട്ടും പാഠപുസ്തകങ്ങളില്‍ വെട്ടിയതൊക്കെ എന്തെ തിരിച്ചെടുക്കാത്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഏടില്‍ നിന്നു എങ്ങനെ ഗാന്ധിയെ ഒഴിവാക്കാനാകും. എങ്ങനെ ഗാന്ധിയുടെ ചരിത്രം ഭാരമാകും. അമിത പഠനഭാരം കുറയ്ക്കാനെന്ന പേരില്‍ കത്രികയുടെ കടുംവെട്ട് ചില പാഠഭാഗങ്ങളിലേക്കു മാത്രം കടന്നതെന്തു കൊണ്ടാണ്. അതെങ്ങനെ ഗാന്ധിവധവും ജവഹര്‍ലാല്‍ നെഹ്‌റുവും അമിതഭാരമാകും. വരും തലമുറകളിലേക്ക് എങ്ങനെ അതൊക്കെ ഒഴിവാക്കാനാകും. എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. പല സംസ്ഥാനങ്ങളും ഇതിന് ബദലായി സമാന്തര പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ കേരളത്തിലും പാഠപുസ്തകം പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ കരിക്കുലം കമ്മിറ്റിയില്‍ തീരുമാനം ഉണ്ടായിരുന്നത്. ഗാന്ധി വധം, ആര്‍.എസ്.എസ്. നിരോധനം, മുഗള്‍ ചരിത്രം, ടിപ്പുവിന്റെ ചരിത്ര ഭാഗങ്ങള്‍ തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അടക്കമുള്ളവര്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസകാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഉപദേശിക്കാനായി കേന്ദ്രസര്‍ക്കാരിനു കീഴില്‍ 1963-ല്‍ സ്ഥാപിതമായതാണ് എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ പത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ നിന്നാണ് ജനാധിപത്യം വലിച്ചെറിയപ്പെട്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ അമ്മയെന്ന് അവകാശപ്പെടുന്ന രാജ്യത്ത് ചെങ്കോലിന്റെ മടങ്ങിവരവു കണ്ട് ദിക്കറിയാതെ നില്‍ക്കുന്നവര്‍ക്ക് മൊത്തം ആശയക്കുഴപ്പം ബാക്കി. ഗാന്ധിയെ ചരിത്രത്തില്‍ നിന്നു ഒഴിവാക്കാനുള്ള ശ്രമം അതി ഭീകരമായികൊണ്ടിരിക്കുന്തോറും ഗാന്ധിയുടെ ചരിത്രം പുതുതലമുറകളിലേക്ക് വിളിച്ചോതി കൊണ്ടിരിക്കും. രാജ്യവും സ്വാതന്ത്ര്യവും പാഠവും പുസ്തകങ്ങളുമൊക്കെ രൂപംകൊണ്ട നാള്‍ മുതല്‍ തലമുറകള്‍ പഠിച്ചു ശീലിച്ച വരികളും വാക്കുകളുമാണ്. ജനാധിപത്യവുമായി ബന്ധപ്പെട്ട ജനകീയസമരങ്ങള്‍, പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ തുടങ്ങിയ പാഠങ്ങളെ എങ്ങനെ നീക്കാനാകും. ജനാധിപത്യത്തിന് മാത്രമല്ല, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കാരണക്കാരായവരെ എങ്ങനെ പുതിയ ഇന്ത്യയില്‍ ഒഴിവാക്കാനാകുക. നാം അറിഞ്ഞ ഇന്ത്യയില്‍ വലിയ ചരിത്രമുണ്ട്. നാം ഇന്നു കാണുന്ന ഇന്ത്യയിലേക്കെത്തിയത് വലിയ ചരിത്രത്തിലൂടെയാണ് ഈ ചരിത്രം എങ്ങനെയാണ് ഇല്ലാതാക്കുക.  

 

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait