ചിരിയുടെ ഗോഡ്ഫാദര്‍ വിടപറയുമ്പോള്‍

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഫ്രണ്ട്‌സ്, ബോഡി ഗാര്‍ഡ്... കുടുകുടെ ചിരിപ്പിച്ച സിനിമകളൊക്കെ ഇന്നും നമ്മളൊക്കെ ഇരുന്നു കണ്ടുപോകും.
Published on 11 August 2023 IST

മലയാളത്തില്‍ താരപ്രഭ നോക്കിയല്ല സിദ്ദിഖ് സിനിമകള്‍ ചെയ്തിരുന്നത് എന്നിട്ടും സൂപ്പര്‍, മെഗാ, ഡ്യൂപ്പര്‍ ഹിറ്റുകളായി മാറുന്നുവെന്നത് സിദ്ദിഖിന്റെ മാജിക്ക് ആണ്. താരതിളക്കത്തോടെ ഒരിക്കലും സിനിമകള്‍ ചെയ്തില്ല. എന്നിട്ടും കാലമിത്ര കഴിഞ്ഞിട്ടും ആ സിനിമാ ഡയലോഗുകളെല്ലാം ഇന്നത്തെ ട്രോള്‍ കഥാപാത്രങ്ങളിലും ജീവിതത്തിലും നിറഞ്ഞാടുകയാണ്. റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഫ്രണ്ട്‌സ്, ബോഡി ഗാര്‍ഡ്... കുടുകുടെ ചിരിപ്പിച്ച സിനിമകളൊക്കെ ഇന്നും നമ്മളൊക്കെ ഇരുന്നു കണ്ടുപോകും. എന്നാല്‍ തന്റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തില്‍ ഒതുങ്ങിയിരുന്നില്ല സിദ്ദിഖ്. തെന്നിന്ത്യയിലും ബോളിവുഡിലും പുനരാവിഷ്‌കരിച്ചു. മറുനാട്ടിലെ താരങ്ങള്‍ സിദ്ദിഖിന്റെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിച്ചു. സല്‍മാന്‍ഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി. താരരാജക്കന്മാര്‍ അല്ലാത്ത ജയറാമും മുകേഷും ശ്രീനിവാസനും ജഗതിയുമെല്ലാം നിറഞ്ഞാടിയ സിദ്ദിഖിന്റെ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്‌സ്. സിനിമ തമിഴിലെത്തിയപ്പോള്‍ താരങ്ങള്‍ മാറി. വിജയും സൂര്യയും വടിവേലുവും വെള്ളിത്തിരയില്‍ ഹിറ്റ് തീര്‍ത്തു. പക്ഷേ സംവിധായകന് മാത്രം മാറ്റമുണ്ടായില്ല ഒരേയൊരു സിദ്ദിഖ്. 2003ലാണ് സിദ്ദിഖ്, മമ്മൂട്ടിയെ ഫ്രെയിമിലാക്കിയ ക്രോണിക് ബാച്ചിലര്‍ പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തമിഴിലെത്തിയപ്പോള്‍ ചിത്രം എങ്ക അണ്ണയായി, വിജയ് കാന്തും പ്രഭുദേവയയും ഫ്രെയിമിലെത്തി. ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖിന്റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചത് 2011ലായിരുന്നു. സൂപ്പര്‍ ഹിറ്റായ ബോഡി ഗാര്‍ഡ് തമിഴില്‍ കാവലനായി, വിജയും അസിനും തമിഴില്‍ തകര്‍ത്താടി. തമിഴില്‍ ഒതുങ്ങിയില്ല സിദ്ദിഖിന്റെ ഹിറ്റ് തരങ്കം. സിദ്ദിഖിന്റെ സംവിധാനത്തില്‍ ബോഡിഗാര്‍ഡ് ബോളിവുഡിലുമെത്തി. വെറുമൊരു മൊഴിമാറ്റത്തിനും ചുണ്ടനക്കങ്ങള്‍ക്കുമപ്പുറം താരങ്ങളെ തന്നെ തേടിപ്പിടിച്ച് പാട്ടുകളും ഹിറ്റിന് വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്തുമായിരുന്ന സിദ്ദിഖിന്റെ പരീക്ഷണങ്ങള്‍. ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ച സിദ്ദിഖ്. കഥകളെ സ്വാഭാവിക നര്‍മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന സിദ്ദിഖ്, വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകര്‍ഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങളാണ് കാത്തിരുന്നത്. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിക്കുമ്പോഴും പലരുടെയും ജീവിതത്തില്‍ ചിരിയുടെ മാലപടക്കം തീര്‍ത്തു.
ഇടയ്‌ക്കൊക്കെ കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു, ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു തന്നു. കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി താരങ്ങളായാണ് ഇരുവരുടെയും തുടക്കം. ട്രൂപ്പിന്റെ ഏറെ ഹിറ്റായ മിമിക്‌സ് പരേഡ് എന്ന കോമഡി ഷോ ഇവരുടെ നേതൃത്വത്തിലാണ് തുടങ്ങിയത്. 1981 സെപ്റ്റംബര്‍ 21നാണ് സിദ്ദീഖും ലാലും അന്‍സാറും റഹ്‌മാനും പ്രസാദും വര്‍ക്കിച്ചന്‍ പേട്ടയുമടങ്ങുന്ന ആറംഗ സംഘം മിമിക്‌സ് പരേഡ് തട്ടില്‍ കയറ്റിയത്. മിമിക്‌സ് പരേഡിലൂടെ കാണികള്‍ക്കിടയില്‍ ചിരിയുടെ അമിട്ട് പൊട്ടിച്ച സിദ്ദീഖും ലാലും ഏറെ വൈകാതെ സിനിമയിലേക്കെത്തി. സംവിധായകന്‍ ഫാസിലിന്റെ സഹായികളായാണ് ഇരുവരുടെയും തുടക്കം. കോമഡിക്ക് പ്രാധാന്യമുള്ള, സാധാരണക്കാരന്റെ ജീവിതം പറയുന്ന ചിത്രങ്ങളെല്ലാം അക്കാലത്തെ സൂപ്പര്‍ഹിറ്റുകളായി. റാംജിറാവു സ്പീക്കിങ് (1989), ഇന്‍ ഹരിഹര്‍ നഗര്‍ (1990), ഗോഡ്ഫാദര്‍ (1991), വിയറ്റ്‌നാം കോളനി (1992), കാബൂളിവാല (1994) എന്നിങ്ങനെ സിദ്ദീഖും ലാലും ഒരുമിച്ച് സംവിധായകരെന്ന കൈയൊപ്പ് ചാര്‍ത്തിയ ചിത്രങ്ങളെല്ലാം മലയാളികളെ കുടുകുടാ ചിരിപ്പിച്ചു. മാന്നാര്‍ മത്തായി സ്പീക്കിങ് (1995), ഫിംഗര്‍പ്രിന്റ് (2005), കിങ് ലയര്‍ (2016) എന്നീ ചിത്രങ്ങള്‍ക്ക് ഒരുമിച്ച് തിരക്കഥയും പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986), നാടോടിക്കാറ്റ് (1987), മക്കള്‍ മഹാത്മ്യം (1993), മാന്നാര്‍ മത്തായി സ്പീക്കിങ് (1995) തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഒരുമിച്ച് കഥയുമെഴുതി. ഒരുമിച്ച് വിജയങ്ങള്‍ മാത്രം സമ്മാനിക്കുന്നതിനിടെയാണ് ഇരുവരും ഔദ്യോഗികമായി വേര്‍പിരിയുന്നത്. അന്നൊന്നും തങ്ങള്‍ പിരിഞ്ഞതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഇരുവരും തല്ലിപ്പിരിഞ്ഞതാണെന്ന പ്രചാരണവുമുണ്ടായിരുന്നു. സിനിമയുടെ ലോകത്ത് രണ്ടുവഴിയായിരുന്നെങ്കിലും സൗഹൃദത്തില്‍ ഒട്ടും ഉലച്ചില്‍ വരാതെ അവസാന നിമിഷംവരെ അവര്‍ ഒന്നായിരുന്നു.
എന്നിരുന്നാലും പ്രേക്ഷകര്‍ പ്രതീക്ഷയിലായിരുന്നു ആ കൂട്ടുകെട്ട് ഇനിയൊരു ഹിറ്റുമായി വരുമെന്ന്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait