മഹിളകളെ ഒരുങ്ങിക്കോ 'ദി ട്രാവലര്‍'ല്‍ പോകാം ഗോവയിലേക്ക്

ഇത്തവണത്തെ ഓണം വെക്കേഷന്‍ എങ്ങോട്ട് പോകാമെന്ന് പദ്ധതിയുണ്ടെങ്കില്‍ ഒരുങ്ങിക്കോ മഹിളകളെ കുടുംബശ്രീ 'ദി ട്രാവലര്‍'ഗോവയിലേക്ക് പുറപ്പെടുകയാണ്. ഗോവയില്‍ അടിച്ചു പൊളിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. സ്ത്രീകള്‍ക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആരംഭിച്ച 'ദി ട്രാവലര്‍' വനിത ടൂര്‍ എന്റര്‍പ്രൈസസിന്റെ സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യ യാത്രയാണിത്.
Published on 11 August 2023 IST

 


ഗോവ 12ാം
ഡെസ്റ്റിനേഷന്‍

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏപ്രിലില്‍ ആരംഭിച്ച യാത്ര എത്തിനില്‍ക്കുന്നത് പന്ത്രണ്ടാമത് ഡെസ്റ്റിനേഷിലേക്കാണ്. മൂന്ന് രാത്രിയും രണ്ടുപകലുമാണ് യാത്രാ പാക്കേജ്. ആഗസ്ത് 30നു വൈകുന്നേരം കണ്ണൂരില്‍ നിന്നു ബസ് മാര്‍ഗമാണ് ഗോവയിലേക്ക് തിരിക്കുന്നത്. 31നു രാവിലെ ഗോവയിലെത്തും. അന്ന് സൗത്ത് ഗോവയും പിറ്റേദിവസം നോര്‍ത്ത് ഗോവയും സന്ദര്‍ശിക്കും. ഒന്നിന് വൈകുന്നേരം മടക്കം. രണ്ടിന് രാവിലെ കണ്ണൂരില്‍ തിരിച്ചെത്തും. ഇങ്ങനെയാണ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 45 സീറ്റുള്ള ബസാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് മൊത്തം ചെലവ് 6050 രൂപയാണ്. ആളുകളുടെ എണ്ണം കുറയുകയാണെങ്കില്‍ ഈ തുകയില്‍ അല്‍പം വ്യത്യാസം വരും. യാത്രയുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. നിരവധി സ്ത്രീകള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ദി ട്രാവലര്‍ ടീം അംഗങ്ങള്‍ പറഞ്ഞു.

സ്‌കൂള്‍ ട്രിപ്പ്, ഫാമിലി ട്രിപ്പ്, ലേഡീസ് ട്രിപ്പ്

ഏപ്രില്‍ അഞ്ചിനാണ് കുടുംബശ്രീ ദി ട്രാവല്‍ യാത്ര ആരംഭിച്ചത്. ആദ്യയാത്ര കതിരൂരിലെ കുടുംബശ്രീ പ്രവര്‍ത്തകരുമായി കുടകിലേക്കായിരുന്നു. ട്രിപ്പ് ഉഷാറായതോടെ രണ്ടാമതും ജില്ലയിലെ മറ്റൊരു കുടുംബശ്രീ പ്രവര്‍ത്തകരുമായി കുടകിലേക്ക്. പിന്നീട് ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര മേഖലയിലൂടെയാണ് യാത്ര. മൂന്നുതവണ ഈ യാത്ര നടത്തി. നാലമ്പല ദര്‍ശനം, തിരുവന്തപുരം യാത്ര എന്നിങ്ങനെയും സംഘടിപ്പിച്ചു. ഒരു തവണ തിരുവനന്തപുരത്തേക്ക് കുടുംബയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ മാസം 28നു ഡെല്‍ഹിക്ക് മറ്റൊരു യാത്രയും പോകുന്നുണ്ട്. സ്‌കൂള്‍ ട്രിപ്പ്, ഫാമിലി ട്രിപ്പ്, ലേഡീസ് മാത്രമുള്ള യാത്ര എന്നിങ്ങനെ എല്ലാ യാത്രകളും ഇവര്‍ നടത്തുന്നുണ്ട്. പോകുന്ന സ്ഥലങ്ങളെ കുറിച്ച് മനസിലാക്കി യാത്രക്കാര്‍ക്ക് പറഞ്ഞുകൊടുക്കുന്നതും ടീം അംഗങ്ങളാണ്. യാത്രകളെ സ്നേഹിക്കുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂര്‍ പാക്കേജ് ഒരുക്കി കേരളത്തിനകത്തും പുറത്തുമായി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


നിങ്ങള്‍ക്കും പോകണോ
യാത്രകളുടെ ആസൂത്രണവും മേല്‍നോട്ടവും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം സ്ത്രീകളാണ്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലെ വി. ഷജിനാ രമേശ്, ലയ കെ. പ്രേം, കെ.വി മഹിജ, സിനിഷ, സി.കെ. രാഗിത, സുഷമ സന്തോഷ്, ആരതി എന്നിവരുടെ നേതൃത്വത്തിലാണ് യാത്രകള്‍. യാത്രാസംഘത്തിന് ഭക്ഷണമൊരുക്കാന്‍ കുടുംബശ്രീ യൂനിറ്റുകളെയും ഹോട്ടലുകളെയുമാണ് ചുമതലപ്പെടുത്തുന്നത്. ദി ട്രാവലര്‍: 7012446759, 9207194961, 8891438390.

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait