പനി പേടിയില്‍ പന്നി ഫാമുകള്‍

2020 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി കണ്ടെത്തിയത്. വളര്‍ത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റകള്‍ പ്രകാരം, പകര്‍ച്ചവ്യാധി കണ്ടെത്തിയതിനു ശേഷം അസമില്‍ 40,000ലധികം പന്നികള്‍ ചാകുകയും 22 ജില്ലകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അസമിന് പുറമെ മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയറിളക്കം, ഓക്കാനം എന്നീ ലക്ഷങ്ങളാണ് രോഗം ബാധിച്ച പന്നികളില്‍ കണ്ടുവരുന്നത്. ഇപ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് രോഗം പടരുന്നതിനാല്‍ രോഗത്തിന്റെ തീവ്രതയെക്കുറിച്ചും ഇത് മനുഷ്യരെ ബാധിക്കുമോയെന്ന ആശങ്കയും വ്യാപകമായുണ്ട്.
Published on 22 August 2023 IST

പനി പേടിയില്‍ പന്നി ഫാമുകള്‍

2020 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി കണ്ടെത്തിയത്. വളര്‍ത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റകള്‍ പ്രകാരം, പകര്‍ച്ചവ്യാധി കണ്ടെത്തിയതിനു ശേഷം അസമില്‍ 40,000ലധികം പന്നികള്‍ ചാകുകയും 22 ജില്ലകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അസമിന് പുറമെ മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയറിളക്കം, ഓക്കാനം എന്നീ ലക്ഷങ്ങളാണ് രോഗം ബാധിച്ച പന്നികളില്‍ കണ്ടുവരുന്നത്. ഇപ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് രോഗം പടരുന്നതിനാല്‍ രോഗത്തിന്റെ തീവ്രതയെക്കുറിച്ചും ഇത് മനുഷ്യരെ ബാധിക്കുമോയെന്ന ആശങ്കയും വ്യാപകമായുണ്ട്.


പന്നിപ്പനിയുടെ പിടിയിലാണ് മലയോരം

ആഫ്രിക്കന്‍ പന്നിപ്പനിയുടെ വ്യാപനത്തിലാണ് കണിച്ചാര്‍ ഗ്രാമപഞ്ചായത്തും പരിസര പ്രദേശവും. കണ്ണൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗവും കേളകം, കണിച്ചാര്‍ ഭാഗങ്ങളിലാണ്. അടുത്ത ദിവസങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. കണിച്ചാര്‍ മലയമ്പാടി പ്ലാക്കൂട്ടത്തില്‍ ഹൗസില്‍ പി സി ജിന്‍സിന്റെ പന്നിഫാമിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള 28ാം മൈല്‍ ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും മുഴുവന്‍ പന്നികളേയുമാണ് അടിയന്തിരമായി ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച് മറവ് ചെയ്യാനാണ് നിര്‍ദേശം. രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

പന്നിഫാം കര്‍ഷകര്‍ക്ക് തിരിച്ചടി

പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും സാധാരണ ഗതിയില്‍ മൂന്നു മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ് പതിവ്. ഇതോടെ മലയോര മേഖലയിലെ പന്നിഫാം നടത്തുന്ന കര്‍ഷകര്‍ ശരിക്കും കുടുങ്ങിയിരിക്കുകയാണ്. മിക്ക മാസങ്ങളിലും കണിച്ചാര്‍, കേളകം ഭാഗത്ത് ഒരു പന്നി ഫാമിലെങ്കിലും പന്നിപ്പനി സ്ഥിരീകരിച്ചു കാണും. 2021മുതല്‍ ഇവിടങ്ങളില്‍ വ്യാപകമായി പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ആയിരത്തോളം പന്നികളെ ഇതിനോടകം ഉന്മൂലനം ചെയ്തിട്ടുണ്ട്. ഒരു ഫാമില്‍ മാത്രമുള്ള കര്‍ഷകര്‍ക്കല്ല നഷ്ടമുമ്ടാകുന്നത്. പന്നി ഇറച്ചി ഈ പ്രദേശങ്ങളില്‍ വില്‍ക്കുന്നതും വാങ്ങുന്നതും വിതരണം ചെയ്യുന്നതും ആരോഗ്യവകുപ്പ് തടയിടും.മറ്റു സംസ്ഥാനത്ത് നിന്നും പന്നികളെയും മാംസവും കൊണ്ടു വരുന്ന പ്രദേശമായതിനാല്‍ വില്‍ക്കല്‍ വാങ്ങല്‍ നടത്തുന്നതിന് ആരോഗ്യവകുപ്പിന്റെ ശ്രദ്ധ കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വരുന്ന നഷ്ടം വലുതാണ്.


മാര്‍ഗ നിര്‍ദേശങ്ങള്‍

രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലിസുമായും റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുമായും ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തേണ്ടതാണ്. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണം. രോഗം സ്ഥിരീകരിച്ച തദ്ദേശസ്ഥാപന പരിധിയില്‍ പോലിസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍, കെ എസ് ഇ ബി എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ എന്നിവരുള്‍പ്പെട്ട സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ആപ്പീസര്‍, തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം. പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നല്‍കേണ്ടതാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ആപ്പീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ആപ്പീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. ഫാമുകളില്‍ ആവശ്യമായ അണുനശീകരണ, ഫ്യൂമിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു അധികൃതര്‍ നടത്തേണ്ടതാണെന്നുമാണ് ഉത്തരവ്.

 

ആഫ്രിക്കന്‍ പന്നിപ്പനിയും സംശയവും

പന്നിപ്പനി ഒരു പകരുന്ന രോഗമാണ്. പന്നികളിലെ ഹെമറാജിക് പനിയുടെ മറ്റൊരു രൂപമാണിത്. 1920കളില്‍ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നു. ഈ രോഗത്തിന് വാക്സിന്‍ ഇല്ല. മരണനിരക്ക് 100 ശതമാനത്തില്‍ എത്താന്‍ സാധ്യതയുള്ള ഒരു പകര്‍ച്ചവ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി. കഠിനമായ പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദി, തൊലിപ്പുറത്തെ രക്തസ്രാവം, ശ്വാസതടസം, വയറിളക്കം, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

മനുഷ്യര്‍ ഭയക്കണോ

പന്നിപ്പനി പോലെ ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍, അവര്‍ രോഗവാഹകരാകുകയും മറ്റ് കന്നുകാലികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. രോഗം മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്നില്ല. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് വരുമാനം കണ്ടെത്തുന്നവരെ ഇത് സാമ്പത്തികമായി ബാധിക്കും.

പ്രതിരോധം എങ്ങനെ

ആഫ്രിക്കന്‍ പന്നിപ്പനിക്ക് ചികിത്സ ലഭ്യമല്ല. അതിനാല്‍ കര്‍ശനമായ നടപടികളിലൂടെ മാത്രമേ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയൂ. പന്നികളെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കേണ്ടതുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് രോഗം പിടിപെട്ടാല്‍ മൃഗങ്ങളെ കൊല്ലുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം.
വയനാട്ടിലാണ് സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. മാനന്തവാടി മുനിസിപാലിറ്റി, തവിഞ്ഞാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്വകാര്യ ഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ട് ഫാമുകള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കാനും അന്നു നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് സംസ്ഥാനത്ത് വിവിധ ഫാമുകളില്‍ പന്നിപ്പനി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വ്യാപകമായി പന്നികളെ ഉന്മൂലനം ചെയ്യുകയാണ് ചെയ്തത്. കൂടാതെ പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിക്കും. രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കും. ഭോപ്പാലിലെ അനിമല്‍ ഡിസീസ് ലാബിലെ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ വൈറസ് വ്യാപനം ഉണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എങ്കിലും ജാഗ്രത കൈവിടാതെ മുന്‍കരുതലുകള്‍ സ്വീകരിക്കല്‍ മാത്രമാണ് ഗുണം.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait