മധു ബേഡകത്തിന്റെ മരണമൊഴി നൂറാം വേദിയിലേക്ക്

1995 മുതല്‍ പ്രൊഫഷണല്‍ അമേച്വര്‍ നാടക രംഗത്ത് സജീവമായ മധു ബേഡകം സ്വന്തം ജീവിതാനുഭവത്തില്‍ നിന്നാണ് മരണമൊഴിയുടെ രൂപവും ഭാവവും നെയ്‌തെടുത്തത് 80 വയസ് പിന്നിട്ട കാഷായ വേഷധാരി ഭാസ്‌കരന്‍ പിള്ള എന്ന കഥാപാത്രം കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് നാടകം തുടങ്ങുന്നത്. തിരുവിതാംകൂര്‍ ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രമാണ് ഭാസ്‌കരന്‍ പിള്ള
Published on 17 August 2023 IST

ലഹരി വരുത്തിവയ്ക്കുന്ന കെടുതികള്‍ക്കെതിരെ പ്രതിരോധവും ബോധവല്‍ക്കരണവും തീര്‍ത്ത് ഒറ്റയാള്‍ നാടകവുമായി മധു ബേഡകം നൂറാമത്തെ വേദിയിലേക്ക്. കേരളത്തിലെ പ്രശസ്തമായ നാടക സമിതികളില്‍
പതിനേഴോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത മധു ബേഡകത്തിന്റെ മരണമൊഴി എന്ന ഏകപാത്ര നാടകം നൂറാം വേദിയിലേക്ക് കടക്കുന്നത്. പാവങ്ങള്‍, കുരങ്ങന്റെ കൈപത്തി, മാന്ത്രിക വടിയുടെ മറ്റേ അറ്റം, ചെമ്മീനും ചെമ്പന്‍ കുഞ്ഞും എന്നീ അമേച്വര്‍ നാടകങ്ങളും
സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍, ചെഗുവേര, ശ്രീനാരായണ ഗുരു ,വര്‍ത്തമാനത്തിലേക്ക് ഒരു കണ്ണകി, ഉത്തര രാമായണം, എന്തൊരൊ മഹാനുഭാവലു തുടങ്ങിയ 20 ഓളം പ്രഫഷണല്‍ നാടകങ്ങളും മധുവിന്റെ അഭിനയ പ്രതിഭ തിരിച്ചറിഞ്ഞതാണ്. 2021ല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ രണ്ടാം ലോക്ക് ഡൗണിലാണ്
സ്വന്തമായി രചനയും സംവിധാനവും നിര്‍വഹിച്ച അര മണിക്കൂറോളം ദൈര്‍ഘ്യമുള്ള മരണമൊഴി ഒരുക്കിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളിലായി ഇതിനകംതന്നെ
92 വേദികളില്‍ നാടക പ്രേമികളുടെ മനസ് കീഴടക്കി കഴിഞ്ഞു മരണമൊഴി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ കൂട്ടത്തിന്റെ ദശവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ നാടകോത്സവത്തില്‍ ആണ് ആദ്യമായി മരണമൊഴി എത്തിയത്. പിന്നീട് സ്്കൂളുകളിലും ക്ലബ്ബുകളിലും വായനശാലകളിലും മറ്റുമായി മരണമൊഴിയുടെ പ്രയാണം ഇന്നും തുടരുന്നു.
1995 മുതല്‍ പ്രൊഫഷണല്‍ അമേച്വര്‍ നാടക രംഗത്ത് സജീവമായ മധു ബേഡകം സ്വന്തം ജീവിതാനുഭവത്തില്‍ നിന്നാണ് മരണമൊഴിയുടെ രൂപവും ഭാവവും നെയ്‌തെടുത്തത് 80 വയസ് പിന്നിട്ട കാഷായ വേഷധാരി ഭാസ്‌കരന്‍ പിള്ള എന്ന കഥാപാത്രം കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് നാടകം തുടങ്ങുന്നത്. തിരുവിതാംകൂര്‍ ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രമാണ് ഭാസ്‌കരന്‍ പിള്ള.
അദ്ദേഹത്തിന്റെ മദ്യപാന ശീലവും വഴിവിട്ട ജിവിത രീതിയും സ്വന്തം കുടുംബത്തിലുണ്ടാക്കിയ ദുരന്ത ചിത്രങ്ങളും ഹൃദയസ്പര്‍ശിയായി നാടകത്തില്‍ വരച്ചുകാട്ടുന്നു. ഏകപാത്ര നാടകമാണെങ്കിലും ഭാസ്‌കരന്‍ പിള്ളയെ കൂടാതെ ചന്ദ്രന്‍ പോലിസും കൃഷ്ണന്‍  മാഷും വേദിയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതീതി ഉണ്ടാക്കുന്നതില്‍ മധു ബേഡകം എന്ന നടനു കഴിഞ്ഞിട്ടുണ്ട്. നാളിതുവരെ ലഹരിയുടെ രുചി അറിയാത്ത മധു ബേഡകം അവതരിപ്പിച്ചു വരുന്ന മരണമൊഴി ലഹരി ഉപയോഗിക്കുന്നതിനെതിരെ നിതാന്തമായ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് പ്രേക്ഷകര്‍ക്ക് നല്‍കുന്നു. മദ്യവും, മയക്കുമരുന്നും, കഞ്ചാവും മാനവകുലത്തെ കാര്‍ന്ന് തിന്നും എന്ന സന്ദേശവും മരണ മൊഴി ജനങ്ങള്‍ക്ക് നല്‍കുന്നു. കണ്ണുര്‍ സംഘചേതന , കോഴിക്കോട് ചിരന്തന , പൂക്കാട് കലാലയം ,രംഗ ഭാഷ കോഴിക്കോട്, കോഴിക്കോട് നവചേതനതുടങ്ങിയ പ്രാഫഷണല്‍ നാടക സമിതികളില്‍ പ്രൗഡഗംഭീരമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മധു  ശാരീരികമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബേഡകത്തെ വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിര ഏക പാത്ര നാടകവുമായി മുന്നോട്ടുവന്നത്.  എക്‌സൈസ് വകുപ്പ് , ലൈബ്രറി കൗണ്‍സില്‍, പുകസാ, നാടക് തുടങ്ങിയ സംഘടനകളും സുഹൃത്തുക്കളും മരണമൊഴിയെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു വരുന്നതായി മധു ബേഡകം പറഞ്ഞു .കളി ഇനിയും തുടരുമെന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait