കളികോപ്പല്ല ട്രെയിന്‍; വേണം സുരക്ഷിതത്വം

ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍കഥയാകുകയാണ്. ആയിരകണക്കിന് യാത്രക്കാര്‍ ഒരേ സമയം യാത്ര ചെയ്യുന്ന ട്രെയിന്‍ ഗതാഗതത്തിന് ശക്തമായ സുരക്ഷാ സംവിധാനം ഇല്ലയെന്നതിന്റെ തെളിവുകളാണ് ദിനം പ്രതി പുറത്ത് വരുന്ന അനിഷ്ട സംഭവങ്ങള്‍. ഓരോ തവണയും ഓരേ വിധത്തിലുള്ള ആക്രമണങ്ങള്‍ നടക്കുമ്പോഴും സാമൂഹ്യ വിരുദ്ധരാണെന്ന നിലപാടില്‍ റെയില്‍വേ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിചേരുന്നത്. സാമൂഹ്യ വിരുദ്ധരുടെ കളികോപ്പുകളാണോ ഓരോ യാത്രവണ്ടിയും ആയിരകണക്കിന് ജീവനുകളും.
MUBEENA.K
Published on 16 August 2023 IST


തുടരെ തുടരെ തീയിടല്‍

ഏപ്രില്‍ രണ്ടിനു എലത്തൂരില്‍ ട്രെയിനിന് തീയിട്ട സംഭവത്തില്‍ നഷ്ടമായത് രണ്ടു വയസുകാരിയടക്കം മൂന്നു പേരാണ്.  ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ പെട്രോള്‍ ഒഴിച്ചായിരുന്നു പ്രതി തീയിട്ടത്. മട്ടന്നൂര്‍ പലോട്ട് പള്ളി സ്വദേശി റഹ്‌മത്ത് (43) ഇവരുടെ അനുജത്തിയുടെ മകള്‍ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. കയ്യില്‍ കരുതിയ രണ്ട് കുപ്പി പെട്രോള്‍ യാത്രക്കാരുടെ ശരീരത്തിലേക്ക് ഒഴിച്ച ശേഷമാണ് അക്രമി ട്രെയിനിന് തീയിട്ടത്. നിരവധിപേര്‍ പൊള്ളലിന്റെ നീറ്റലും മുറിവുമായി കഴിയുകയാണ്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ യു.പി നോയിഡ സ്വദേശി ഷാരൂഖ് സെയ്ഫി എന്നയാളെയാണ് പോലിസ് പിടികൂടിയത്. എന്നാല്‍ എന്തിനാണ് കുറ്റം ചെയ്തതെന്ന് ഇതുവരെയും വ്യക്തമായില്ല. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ക്ക് തീയിട്ട സംഭവം ഞെട്ടിക്കുന്നതായിരുന്നു. എലത്തൂരില്‍ തീയിട്ട അതേ ട്രെയിനിനു തന്നെയാണ് വീണ്ടും തീയിട്ടതെന്നത് വളരെ ആശങ്കയുണ്ടാക്കിയ സംഭവമായിരുന്നു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ എത്തിച്ചേര്‍ന്നത് വൈരാഗ്യവും മാനസികരോഗിയിലും. ഇതിനു ശേഷം അന്നും ഇന്നും ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഭയപ്പെടുന്നത് നിരവധിപേരാണ്.


കല്ല് മഴയും യാത്രക്കാരുടെ ജീവനും

പാലക്കാട് ഡിവിഷനില്‍ മാത്രം 2022ല്‍ ട്രെയിനിനു കല്ലെറിഞ്ഞ 32 കേസുകളും 2023ല്‍ ഇതുവരെ 21 കേസുകളുമാണ് ആര്‍പിഎഫും പോലിസും എടുത്തത്. പലപ്പോഴും രാത്രിയോ വൈകുന്നേരമോ ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ആയിരിക്കും പൊടുന്നനെ കല്ലു മഴ പോലെ ബോഗിക്കുള്ളിലേക്ക് കല്ലുകള്‍ വന്നു പതിക്കുക. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലപ്പോഴും ഇത്തരം കേസുകള്‍ എത്തിചേരുന്നത് വിദ്യാര്‍ഥികളിലേക്കും സാമൂഹ്യ വിരുദ്ധരിലേക്ക് മാത്രമായിരിക്കും. കല്ലേറില്‍ യാത്രക്കാര്‍ക്കും ലോക്കോ പൈലറ്റുമാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെ. 2022 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ റെയില്‍വേ സുരക്ഷാസേന 5 കേസുകളാണെടുത്തത്. 2021 ഒക്ടോബറില്‍ കണ്ണൂരില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞ രാജസ്ഥാന്‍ സ്വദേശികളായ മൂന്നുപേരെ പോലിസ് പിടികൂടിയിരുന്നു. ഷണ്ടിങ് നടത്തുന്നതിനിടയിലാണ് ട്രെയിനിനു കല്ലേറുണ്ടായത്. മേയ് 8നു രാത്രി മംഗളൂരു ചെന്നെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിനു നേരെ പാലക്കാട് റെയില്‍വേ സ്റ്റേഷനു സമീപമുണ്ടായ കല്ലേറില്‍ യാത്രക്കാരന്റെ കണ്ണിനു താഴെ പരുക്കേറ്റിരുന്നു. ബിഹാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പിന്നാലെ വന്ന കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിനിനു കല്ലെറിയാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മേയ് 5ന് വൈകിട്ട് വളപട്ടണം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിനു സമീപം വന്ദേഭാരത് എക്‌സ്പ്രസിനു കല്ലേറുണ്ടായിരുന്നു.


കൂടുതല്‍ കേസുകള്‍ മലബാറില്‍

ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് കല്ലെറിയുന്ന സംഭവത്തില്‍ കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്യുന്നത് മലബാറിലാണ്. അതില്‍ തലശേരി, മംഗലാപുരം സ്റ്റേഷനുകള്‍ക്കിടയിലായിരിക്കും കൂടുതല്‍ സംഭവങ്ങള്‍.
കണ്ണൂരില്‍ കണ്ണൂര്‍ സൗത്ത്, വളപട്ടണം എന്നീ പ്രദേശത്താണ് കൂടുതല്‍ കേസ്. ഇൗ രണ്ടു സ്റ്റേഷന്‍ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ താവളമാണ്. കൂടാതെ നഗരത്തില്‍ നിന്നും മാറി അകലെയാണ് ഈ സ്റ്റേഷനുകള്‍. മാത്രമല്ല ഈ പ്രദേശത്തെ റെയില്‍വേ ട്രാക്കുകളില്‍ അനിഷ്ട സംഭവങ്ങള്‍ നിരവധി നടക്കാറുണ്ട്. തലശേരി, എടക്കാട് ഭാഗത്തും ചില ഒറ്റപ്പെട്ട കേസുകളും ഉണ്ടായിട്ടുണ്ട്. കാസര്‍കോടില്‍ തൃക്കരിപ്പൂര്‍, ചന്ദേര, ചേറ്റുകുണ്ട്,ചിത്താരി, കോട്ടിക്കുളം, ഉപ്പള, കുമ്പള, ഉള്ളാള്‍ ഭാഗങ്ങളിലാണു കൂടുതല്‍ കേസുകള്‍. ഇത്തവണ മിനിറ്റുകളുടെ വ്യത്യാസത്തില്‍ കല്ലേറുണ്ടായത് മൂന്ന് ട്രെയിനുകള്‍ക്ക് നേരെയാണ്. കൂടാതെ പകല്‍ 12നാണ് തുരന്തോ എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്്. ഉച്ചയ്ക്ക് 12നു പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. കണ്ണൂരിനും കാസര്‍കോടിനുമിടയ്ക്ക് ട്രെയിനിന് വ്യാപക കല്ലേറ് നടന്ന സംഭവത്തില്‍ അട്ടിമറി സാധ്യത കണ്ടെത്താനായില്ലെന്ന് റെയില്‍വേ അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും കല്ലേറുണ്ടായത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നാലാം തവണയാണ് കല്ലേറുണ്ടായത്.ഞായറാഴ്ച വൈകുന്നേരം മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറുണ്ടായത്. കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെ കാസര്‍കോടും ട്രെയിനു നേരെ കല്ലേറുണ്ടായിരുന്നു. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനു ഇടയില്‍ ഓഖ എക്‌സ്പ്രസിനായിരുന്നു കല്ലേറ് നടന്നത്. ട്രെയിനിന് അകത്തു കല്ല് പതിച്ച് ബോഗികളുടെ ഗ്ലാസ് ചില്ലുകള്‍ പൊട്ടിയെങ്കിലും യാത്രക്കാര്‍ തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കണ്ണൂരില്‍ തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിനു നേരെയുമാണ് കല്ലേറുണ്ടായത്. രാത്രി 7:11 നും 7:16 നും ഇടയാണ് താഴചൊവ്വയിലും വളപട്ടണം ഭാഗത്തും വച്ച് കല്ലേറുണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ റെയില്‍വേ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പറഞ്ഞത്. അട്ടിമറി സാധ്യതയില്ലെന്നും സാമൂഹിക ദ്രോഹികള്‍ ചെയ്തതാകാമെന്ന നിഗമനത്തിലായിരുന്നു വീണ്ടും റെയില്‍വേ.


ട്രാക്കില്‍ കല്ലു നിരത്തല്‍ 'കുട്ടി'കളി


മംഗളൂരുവിനും തലശേരിക്കും ഇടയില്‍ ട്രെയിനിനു നേരെ കല്ലെറിയുന്നതും ട്രാക്കില്‍ കല്ലു നിരത്തുന്നതും സുരക്ഷാ ഭീഷണി സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 18 പേരെ മാത്രമാണ് ദക്ഷിണ റെയില്‍വേ ഇതുവരെ പിടികൂടിയത്. കഴിഞ്ഞവര്‍ഷം ജൂലൈ 19നു വളപട്ടണം റെയില്‍വേ പാലത്തിനു സമീപം ട്രാക്കില്‍ മീറ്ററുകളോളം നീളത്തില്‍ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു. ഓഗസ്റ്റ് 20നു കോട്ടിക്കുളത്ത് ട്രാക്കില്‍ ഇരുമ്പുപാളി വച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്നുതന്നെ ചിത്താരിയില്‍ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17നു കുമ്പളയില്‍ ട്രാക്കില്‍ കല്ലു നിരത്തിയതും കണ്ടെത്തിയിരുന്നു. ഉള്ളാളില്‍ ട്രാക്കില്‍ വിദ്യാര്‍ഥികള്‍ കല്ലു നിരത്തുമ്പോള്‍ മുതിര്‍ന്ന ചിലര്‍ സമീപത്ത് ഉണ്ടായിരുന്നുവെന്നത് ഞെട്ടിച്ചുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണു സംഭവത്തില്‍ പിടിയിലായത്. 2022 ജൂലൈയില്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനു സമീപവും റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ വച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കാസര്‍കോട് ആര്‍പിഎഫും ബേക്കല്‍ പോലിസും അന്വേഷണം നടക്കുകയാണ്.


ട്രെയിനില്‍ യാത്ര കൈവിട്ട കളി

ട്രെയിനിനു നേരെയും പാളത്തിലും നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പോലെ മറ്റു ചിലര്‍ യാത്ര ചെയ്യുന്നതും അപകടകരമാണ്. പലപ്പോഴും മറ്റുള്ള യാത്രക്കാരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ യാത്ര ചെയ്യുന്നുവരുണ്ട്. ട്രെയിനില്‍ യാത്ര ചെയ്യവെ കൈയും കാലും വാതിലിനു പുറത്തേക് നീട്ടി യാത്ര ചെയ്യുന്നവരും. സ്റ്റേഷനില്‍ നിര്‍ത്തുന്ന ട്രെയിനില്‍ നിന്നും ചാടി ഇറങ്ങുക, ട്രെയിന്‍ വിട്ടാല്‍ ചാടി കയറുക, റെയില്‍ സ്റ്റേഷനില്‍ യാത്ര ചെയ്യുന്നവരുടെ സാധനങ്ങള്‍ തട്ടുക തുടങ്ങിയ പ്രവര്‍ത്തനം ചെയ്യുന്നവരുമുണ്ട്.

 

 

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait