ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കും 

Published on 23 August 2020 12:47 pm IST

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അക്കാദമിക കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

മാര്‍ച്ചില്‍ അക്കാദമിക വര്‍ഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ പഠനം കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. മുതിര്‍ന്ന ക്ലാസുകളില്‍ മാത്രമാണ് ദിവസേന രണ്ടു മണിക്കൂര്‍ ക്ലാസ് നടക്കുന്നത്. താഴ്ന്ന ക്ലാസുകളില്‍ അരമണിക്കൂറേ അധ്യാപനമുള്ളൂ. 20 ശതമാനം പാഠഭാഗമാണ് നിലവില്‍ പഠിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ വരെ സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. തുറന്നാല്‍ പിന്നീട് അവധി നല്‍കാതെ എല്ലാ ദിവസവും ക്ലാസ് നടത്തേണ്ടിവരും. മേയില്‍ വാര്‍ഷിക പരീക്ഷ നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നു. പാഠഭാഗം കുറച്ചു കൊടുക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഓരോ പ്രായത്തിലും വിദ്യാര്‍ഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. അതില്‍ വെള്ളം ചേര്‍ക്കാനാകില്ല. ആവശ്യമെന്നു കണ്ടാല്‍ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കുന്നത് പിന്നീട് പരിഗണിക്കും. 

നിലവില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മിക്കവയും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും ചില ക്ലാസുകളെക്കുറിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ റെക്കോഡ് ചെയ്ത ക്ലാസുകള്‍ വിദഗ്ധര്‍ വിലയിരുത്തിയ ശേഷമേ ഇനിമുതല്‍ സംപ്രേഷണം ചെയ്യൂ. അതത് അധ്യാപകര്‍ അവരുടെ കുട്ടികളുമായി ഓണ്‍ലൈന്‍ ക്ലാസിന്റെ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും സംശയം തീര്‍ത്തു നല്‍കി പഠിക്കാനുള്ള പ്രേരണ നല്‍കുകയും വേണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait