സംസ്ഥാനത്ത് ഈ വര്‍ഷം സിലബസ് വെട്ടിച്ചുരുക്കില്ല: കരിക്കുലം കമ്മിറ്റി

ഡിസംബറില്‍ സ്‌കൂള്‍ തുറക്കാമെന്ന് പ്രതീക്ഷ, തത്കാലം ഓണ്‍ലൈന്‍ പഠനം തുടരും
Published on 20 August 2020 7:02 am IST

തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും തുടര്‍ പഠന കാര്യത്തില്‍ പലതരം നിര്‍ദേശങ്ങള്‍ പരിഗണനയില്‍. ഡിസംബറിലെങ്കിലും ക്ലാസ് തുറക്കാനായാല്‍ ഏപ്രില്‍, മെയ് മാസത്തിലെ അവധി റദ്ധാക്കിക്കൊണ്ട് അദ്ധ്യയനം നടത്താനാവുമെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ കേന്ദ്ര തീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനം എടുത്തത്. 

ഇതിനകം തന്നെ ജൂണ്‍, ജൂലൈ മാസത്തെ അദ്ധ്യയനം നഷ്ടപ്പെട്ടു കഴിഞ്ഞു. ഓഗസ്റ്റില്‍ ക്ലാസ് തുറക്കുക അസാധ്യവുമാണ്. പക്ഷേ സിലബസ് വെട്ടിച്ചുരുക്കുകയാണെങ്കില്‍ അത് അടുത്ത വര്‍ഷത്തെ പഠന തുടര്‍ച്ചയെ ബാധിക്കുമെന്നതിനാലാണ് കരിക്കുലം, സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനത്തില്‍ എത്താന്‍ കാരണം. കരിക്കുലം കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും തീരുമാനത്തിനൊപ്പമാണെങ്കിലും തുടര്‍ പഠനം എങ്ങനെ എന്ന കാര്യത്തില്‍ ഇപ്പോഴും ആലോചന നടക്കുകയാണ്. പഠനത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ എസ്.ഇ.ആര്‍.ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. തല്‍ക്കാലം ഓണ്‍ലൈന്‍ പഠനം തുടരാമെന്നും ഡിസംബറോടെ സ്‌കൂളുകള്‍ തുറക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 

അങ്ങനെ വന്നാല്‍ അദ്ധ്യയന വര്‍ഷം നഷ്ടമാകാത്ത രീതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ഒഴിവാക്കിയും ശനിയാഴ്ച ക്ലാസുകള്‍ വച്ചും ക്രമീകരണം നടത്താമെന്നാണ് ഒരു നിര്‍ദേശം. ലോക്ക്ഡൗണ്‍ സമയത്ത് അവധികള്‍ ലഭിച്ചതിനാല്‍ ഇനിയൊരു അവധി വേണ്ട എന്നും നിര്‍ദേശമുണ്ട്. അങ്ങനെ വന്നാല്‍ ജൂണില്‍ അന്തിമ പരീക്ഷ നടത്താം. എന്നാല്‍ ഇത്തരത്തിലുള്ള ബദല്‍ നിര്‍ദേശങ്ങള്‍ കേന്ദ്ര നിലപാടിന് അനുസരിച്ച് മാത്രമേ പ്രാവര്‍ത്തികമാവു. കേന്ദ്രം നിര്‍ദേശിക്കുന്നതിന് അനുസരിച്ചേ സ്‌കൂള്‍ തുറക്കാനാവു എന്നതിനാല്‍ അവ്യക്തതകള്‍ തുടരുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait