വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും

Published on 07 August 2020 1:59 pm IST

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂളുകള്‍ തുറക്കുക. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. 

അതേസമയം കോവിഡ് വ്യാപന സാധ്യതകള്‍ കൂടി കണക്കിലെടുത്ത് സ്‌കൂളുകള്‍ എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. ആദ്യ 15 ദിവസം സ്‌കൂളുകളിലെ 10, 11, 12 ക്ലാസുകളാകും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുറക്കില്ല. പ്രായം കുറഞ്ഞ കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ കോവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണ്ണ തോതില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതി ചര്‍ച്ച ചെയ്തു.

കോവിഡിന് ശേഷം വിദ്യാലയങ്ങള്‍ വിജയകരമായി തുറന്ന് പ്രവര്‍ത്തിപ്പിച്ച സ്വിറ്റ്സര്‍ലാന്‍ഡ് മാതൃകയാകും ഇന്ത്യയിലും അനുവര്‍ത്തിക്കുക. സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍. ക്ലാസുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കും. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കാന്‍ ഇടയുള്ളു. മോര്‍ണിങ് അസംബ്ലി, സ്പോര്‍ട്സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ അനുവദിച്ചേക്കില്ല.  സ്‌കൂളുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തും. രാവിലെ 8 മുതല്‍ 11 വരെയും, 12 മുതല്‍ മൂന്ന് വരെയും ആകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂര്‍ സ്‌കൂള്‍ സാനിറ്റൈസ് ചെയ്യാന്‍ അനുവദിക്കും. അധ്യാപക, അനധ്യാപക ജീവനക്കാരില്‍ 33 ശതമാനം മാത്രമാകും ഒരു സമയം സ്‌കൂളില്‍ അനുവദിക്കുക.

കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് കേരളം മുന്നോട്ട് വച്ചിരുന്ന ആവശ്യം. ഈ ആവശ്യങ്ങള്‍ എല്ലാം കണക്കിലെടുത്താണ് അണ്‍ലോക് 4 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait