കൊവിഡ്; വിദ്യാഭ്യാസ മേഖല പുതിയ പാതയിലൂടെ സഞ്ചരിക്കണം: കെ.കെ രാഗേഷ് എം.പി 

മുണ്ടേരി സ്‌കൂള്‍ കിച്ചന്‍ ബ്ലോക്ക് ശിലാസ്ഥാപനം നടന്നു
Published on 27 July 2020 7:04 pm IST

കണ്ണൂര്‍: കൊവിഡ് കാലം സമസ്ത മേഖലയിലും തിരിച്ചടി നേരിട്ടപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ ഇതുവരെ അനുഭവിക്കാത്ത ദുരിതമാണ് ഉണ്ടായതെന്നും ഇതിനെ അതിജീവിച്ച് പുതിയ പാതയിലൂടെ സഞ്ചരിക്കണമെന്നും കെ.കെ രാഗേഷ് എം.പി പറഞ്ഞു. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിച്ചന്‍ ആന്റ് ഡൈനിംഗ് ബ്ലോക്കിന് അനുവദിച്ച 2.5 കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു എം.പി.

ജില്ലയില്‍ മുണ്ടേരി, ആറളം എന്നീ രണ്ട് വിദ്യാലയങ്ങള്‍ സമ്പൂര്‍ണ്ണ അന്താരാഷ്ട്ര വിദ്യാലയങ്ങളാക്കുവാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. മുണ്ടേരിയില്‍ 50 ശതമാനം പ്രവൃത്തി പൂര്‍ത്തിയായപ്പോഴാണ് കൊവിഡ് രോഗവ്യാപനം ഉണ്ടായത്. ആറളത്ത് 22 ഏക്കറില്‍ വിദ്യാഭ്യാസ കോംപ്ലക്സ് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആറളത്ത് ഒന്നാംഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുണ്ടേരി സ്‌കൂള്‍, ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് 30 കോടിയിലധികം രൂപ പൊതുമേഖലാ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെ.കെ രാഗേഷ് എം.പി പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലളിതമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന്‍, ജനപ്രതിനിധികളായ കെ. മഹിജ, വി ലക്ഷ്മണന്‍, പി.സി അഹമ്മദ് കുട്ടി, ആര്‍.കെ പത്മനാഭന്‍, പ്രിന്‍സിപ്പല്‍ എം. മനോജ്, പ്രധാനാധ്യാപകന്‍ കെ.പി ചന്ദ്രന്‍, നിര്‍മ്മിതി പ്രൊജക്ട് എഞ്ചിനീയര്‍ ജയേഷ്, മുദ്രാ കണ്‍വീനര്‍ പി.പി ബാബു എന്നിവര്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait