വിദ്യാഭ്യാസ വായ്പ: ബാങ്കുകളുടെ നിലപാട് ആശങ്ക ഉയര്‍ത്തുന്നു

Published on 27 December 2019 3:58 pm IST

കണ്ണൂര്‍: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാകാത്ത കുടുംബങ്ങള്‍ക്ക് മുന്നില്‍ ആശങ്കയായി ബാങ്കുകളുടെ നിലപാട്. പല തവണയായി തിരിച്ചടവ് മുടങ്ങിയ കുടുംബങ്ങളെ പോലും ഒറ്റത്തവണയായി പണമടച്ചാലും പീഡിപ്പിക്കുന്നതായാണ് ആക്ഷേപം. 'സിബില്‍' നിയമത്തിന്റെ മറവില്‍ മറ്റൊരു ലോണും പിന്നീട് ലഭിക്കാത്ത വിധമാക്കിയാണ് പീഡനമെന്നും ആക്ഷേപമുണ്ട്. കാര്‍ഷിക വായ്പകള്‍ക്ക് പോലും 4 ശതമാനം പലിശയുള്ളപ്പോള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് 16 ശതമാനം വരെയാണ് പലിശ ഈടാക്കുന്നതെന്ന് എഡ്യൂക്കേഷന്‍ ലോണ്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് പ്രകാശന്‍ കണ്ണാടി വെളിച്ചവും ജനറല്‍ സെക്രട്ടറി കെ.കെ രമേശനും ആരോപിക്കുന്നു. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പേരെങ്കിലും വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നുണ്ടാകുമെന്നാണ് സംഘടനയുടെ കണക്ക്. ഇതിന്റെ ആനുപാതികമായി നോക്കിയാല്‍ കാല്‍ ലക്ഷത്തോളം പേര്‍ കണ്ണൂരിലും ഉണ്ടാകും. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ലോണെടുത്തയാളുടെ കുടുംബാംഗങ്ങള്‍ക്ക് പോലും പിന്നീട് ആവശ്യത്തിന് വായ്പ ലഭിക്കില്ല. ലോക രാജ്യങ്ങളെല്ലാം വിദ്യാഭ്യാസ രംഗത്തിന് മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഇവിടെ മാത്രമാണ് ഈ അവസ്ഥയെന്നാണ് ആരോപണം. രക്ഷിതാക്കളും കുട്ടികളും മരിച്ചാല്‍ പോലും വായ്പാ തിരിച്ചടവിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന പതിവുണ്ട്. കോയ്യോട് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി പ്രകാശന്‍ ആരോപിച്ചു. വിദ്യാഭ്യാസ വായ്പ നല്‍കുന്നതിനും ബാങ്ക് ജീവനക്കാര്‍ ചിലപ്പോള്‍ മടി കാട്ടുന്നുണ്ട്. ഔദാര്യം നല്‍കുന്നതു പോലെയാണ് പലരുടെയും സമീപനമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. വായ്പ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന ബോധ്യമുണ്ടാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait